ഹക്കിമിനെ അറസ്റ്റുചെയ്യുമ്പോൾ പൊലീസ് ഇത്രയൊന്നും പ്രതീക്ഷിച്ചില്ല, പിടിച്ചെടുത്തത് 11 മൊബൈലുകളും 20 എടിഎം കാർഡുകളും
പാമ്പാടി: ഇവന്റ് മാനേജ്‌മെന്റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയയാൾ അറസ്റ്റിൽ. തൃശൂർ പഴയന്നൂർ ഹാജിലത്ത് എം.ഹക്കിമിനെയാണ് (46) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോത്തല സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വാട്ട്സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ട് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 2023 ജൂൺ മുതൽ 64,000 രൂപ തട്ടിയെടുത്തു. യുവാവ് പരാതി നൽകിയതിനെ തുടർന്ന് പാമ്പാടി പൊലീസ് കേസെടുത്ത് ഇയാളെ കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്.
ഇയാളിൽ നിന്നും പതിനൊന്നോളം മൊബൈൽ ഫോണുകൾ, 20 സിംകാർഡുകൾ, 20ൽപരം എ.ടി.എം കാർഡുകൾ, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകൾ, ചെക്കുകൾ, 115 ഗ്രാം സ്വർണാഭരണങ്ങൾ, വിവിധ പേരുകൾ ഉള്ള സീലുകൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ എന്നിവ കണ്ടെടുത്തു.
ആഡംബര കാറിലായിരുന്നു താമസവും സഞ്ചാരവും. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ സുവർണകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഫേസ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം കേരളത്തിലും ഗൾഫിലും ഉള്ള നിരവധിപ്പേരിൽ നിന്ന് ഫ്രണ്ട്‌ഷിപ്പ് ക്ലബിൽ ചേർക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസും ഇയാൾക്കെതിരെയുണ്ട്.
Source link