പക കാത്തുസൂക്ഷിച്ചത് അഞ്ച് വർഷം; ഒളിച്ചോടിപ്പോയ മകളുടെ ഭർത്താവിനെ വീട്ടിലേക്ക് ക്ഷണിച്ച് അരുംകൊല
ലഖ്നൗ: ദുരഭിമാനത്തിന്റെ പേരിൽ മകളുടെ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പിതാവുൾപ്പടെ നാല് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭാൽ സ്വദേശിയായ ഭുലേഷ് കുമാറാണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഭുലേഷ് കുമാർ വീട്ടുകാരെ എതിർത്താണ് പ്രീതി യാദവ് എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.
രണ്ടാഴ്ച മുൻപായിരുന്നു പ്രീതിയുടെ കുടുംബം പരിഭവം മാറിയെന്ന വ്യാജേന ഭുലേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവാവിനോടൊപ്പം ഭാര്യ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും മദ്യപിച്ചതിനുശേഷം ഭുലേഷ് മടങ്ങുന്നതിനിടെയാണ് വാടക കൊലയാളികൾ കൊലപ്പെടുത്തിയത്. പ്രീതിയുടെ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വാടക കൊലയാളികളെ ഏർപ്പാടാക്കിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികൾക്ക് പ്രതിഫലം നൽകുന്നതിനായി പ്രീതിയുടെ പിതാവ് മൂന്ന് ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങൾ പണയം വച്ചത്.
യുവാവിന്റെ മൃതദേഹം ജൂൺ 16ന് ഗ്രേറ്റർ നോയിഡയിലെ സുരജ്പൂരിൽ നിന്നാണ് കണ്ടെടുത്തത്. കൃത്യം ചെയ്യാനുപയോഗിച്ച ആയുധം, ടൗവൽ, കാർ, പണയം വച്ച ആഭരണങ്ങൾ തുടങ്ങിയവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പിതാവ്, അമ്മാവൻ, വാടകയ്‌ക്കെടുത്ത രണ്ട് കൊലയാളികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ബാക്കിയുളള രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link