വയസ് 19, ടിക്ടോകിൽ പരിചയപ്പെട്ടു, DNA പരിശോധിച്ചപ്പോൾ സമജാത ഇരട്ടകൾ; ചുരുളഴിഞ്ഞ വൻ ‘രഹസ്യം’

ടിബിലിസി: രണ്ടുവർഷം മുമ്പാണ്. അലസമായി ടിക്‌ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജോർജിയക്കാരി എലീൻ ഡെയ്‌സാദ്സെ. അവളുടെ കണ്ണ് അന്ന പാൻചുലിഡ്‌സെ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെത്തന്നെയിരിക്കുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി. ഏതാനുംമാസത്തിനകം തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളിൽനിന്ന് മനസ്സിലാക്കി.ഒരേ കുടുംബക്കാരാണോയെന്നറിയാൻ അവർ ഡി.എൻ.എ. പരിശോധിച്ചു. ഫലംവന്നു, ഇരുവരും സമജാത ഇരട്ടകൾ. വയസ്സ് 19. ഇംഗ്ലീഷ് ബിരുദവിദ്യാർഥിനിയാണ് എലീൻ. അന്ന സൈക്കോളജി പഠിക്കുന്നു. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ മാതാപിതാക്കളറിയാതെ മാറ്റി അനധികൃതമായി വിൽക്കുന്ന ലോബിയാണ് രണ്ടുപേരെയും രണ്ടിടത്തെത്തിച്ചത്. 1950 മുതൽ 2006 വരെ ജോർജിയയിൽ സജീവമായിരുന്നു ഈ ലോബി. പല മാതൃ-ശിശു ആശുപത്രികളും നഴ്സറികളും സന്നദ്ധസംഘടനകളും ഈ സംഘത്തിലെ കണ്ണികളായിരുന്നു. ജോർജിയൻ മാധ്യമപ്രവർത്തക ടുമാന മുസെറിഡ്‌സും ജനിച്ചയുടൻ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
Source link