മോഹൻലാലിനൊപ്പം ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചോ? | Vijay Mohanlal
മോഹൻലാലിനൊപ്പം ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചോ?
മനോരമ ലേഖകൻ
Published: July 04 , 2024 08:28 AM IST
2 minute Read
മോഹൻലാലും വിജയ്‌യും, ജോ മല്ലൂരി
മോഹൻലാലും വിജയ്‌യും ഒന്നിച്ച തമിഴ് ചിത്രം ജില്ലയുടെ ഷൂട്ടിനിടയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂടു പിടിക്കുന്നു. മോഹൻലാലിന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചതാണ് വിഷയം. നടനും തിരക്കഥാകൃത്തുമായ ജോ മല്ലൂരി പങ്കിട്ട കാര്യമാണ് ചർച്ചകൾക്ക് തുടക്കം ഇട്ടത്. വിജയ്‍യുടെ വീട്ടിൽ മോഹൻലാൽ അതിഥിയായെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചുവെന്ന് ജോ മല്ലൂരി പറയുന്നു. എന്നാൽ, ജോ മല്ലൂരി പങ്കുവച്ച അനുഭവത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് സമൂഹമാധ്യമങ്ങളിൽ ചിലർ നടൻ വിജയ്ക്കെതിരെ രോഷപ്രകടനം നടത്തുന്നത്.
ജോ മല്ലൂരിയുടെ വാക്കുകൾ ഇങ്ങനെ: ‘‘സിനിമാ ലോകത്തേക്ക് വരുമ്പോൾ മോഹൻലാല്‍ സാറിനെ എന്നെങ്കിലും നേരിട്ടു കാണാൻ പറ്റുമോ എന്ന ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിനൊപ്പം നാൽപത്തിയെട്ട് ദിവസങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനും കൂടെ ഇരിക്കാനും സാധിച്ചു. സിനിമ കഴിയുന്നതു വരെയും ഞാനും വിജയ്‌യും മോഹൻലാലും ഒരുമിച്ചായിരുന്നു. ഒരു ദിവസം എനിക്കു ഭയങ്കരമായ പുറംവേദന പിടിപെട്ടു. എന്നെ കാണാതിരുന്നപ്പോൾ മോഹൻലാൽ സർ അന്വേഷിച്ചു. എനിക്കു പുറം വേദനയാണെന്ന് അവിടെയുള്ള ആരോ അദ്ദേഹത്തോട് പറഞ്ഞു. ഉടൻ തന്നെ ഇത്രയും വലിയ സൂപ്പർ താരമായ അദ്ദേഹം ആളെ വിട്ട് പുറം വേദനയ്ക്കു ചൂടു വയ്ക്കുന്ന വാട്ടർ ഹീറ്റർ കൊണ്ടുവന്ന് എന്നെ കമഴ്ത്തിക്കിടത്തി പുറത്ത് ചൂടു വച്ചുതന്നു. ഇത്രയും വലിയ താരമാണ് അദ്ദേഹമെന്ന് ഓർക്കണം. അപ്പോഴേക്കും വിജയ് വന്നു എന്തുപറ്റി എന്ന് ചോദിച്ചു, അപ്പോൾ ഒന്നുമില്ല എല്ലാം ഓക്കേ ആയി എന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു അത്.”
“ജില്ലയുടെ സെറ്റിൽ വച്ചാണ് മറ്റൊരു സംഭവം. ഒരു ദിവസം വിജയ് മോഹൻലാലിനെ വീട്ടിലേക്ക് ഡിന്നറിനു ക്ഷണിക്കുകയായിരുന്നു. നിങ്ങളും മോഹൻലാലും വരണം എന്ന് വിജയ് പറഞ്ഞു. വിജയ് എന്നോട് പറഞ്ഞു, അണ്ണന് എന്താണ് ഇഷ്ടം എന്ന് ചോദിച്ചു പറയണേ. വിജയുടെ വീട് ഒരു ധ്യാന മണ്ഡപം പോലെയാണ് ഇരിക്കുന്നത്. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത. ഞാനും മോഹൻലാൽ സാറും ഭാര്യ സുചിത്രയും ഒരുമിച്ചാണ് പോയത്. വിജയ്‌യുടെ ഭാര്യയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളും മോഹൻലാലിനെയും പത്നിയെയും വീട്ടിലേക്ക് സ്വാഗതം ചെയ്തു. എന്നെ അതിശയിപ്പിച്ചുകൊണ്ടു വിജയ് മൂന്നു ഇലയിട്ടു, എനിക്ക് മോഹൻലാൽ സാറിന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. ഭക്ഷണം വിളമ്പിയപ്പോൾ മോഹൻലാൽ സർ ചോദിച്ചു ‘വിജയ് കഴിക്കുന്നില്ലേ?’ അദ്ദേഹം പറഞ്ഞു, ഒന്ന് വെയിറ്റ് ചെയ്യാമോ, അകത്തേക്ക് നോക്കിയാൽ വേലക്കാരെ ആരെയും കാണുന്നില്ല, വിജയും ഭാര്യയും ചേർന്നാണ് എല്ലാം വിളമ്പുന്നത്. എനിക്ക് അതിശയമായി. മോഹൻലാൽ എത്ര നിർബന്ധിച്ചിട്ടും വിജയ് ഒപ്പം ഇരുന്നില്ല. മോഹൻലാൽ ഇരിക്കാൻ പറഞ്ഞിട്ടും വിജയ് ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ തിരിച്ചുപോയി.”
“പിറ്റേന്ന് രാവിലെ സെറ്റിൽ വച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു ‘എത്ര വലിയ ആക്ടർ ആണ് മോഹൻലാൽ സർ. അദ്ദേഹം കൂടെ ഇരിക്കാൻ പറഞ്ഞപ്പോൾ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഇരുന്നത് എന്തിനാണ്’? വിജയ് പറഞ്ഞു, ‘‘അണ്ണാ എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചു വിട്ട ഒരു കാര്യമുണ്ട് വീട്ടിൽ വരുന്ന അതിഥികളെ ഭക്ഷണം കഴിപ്പിക്കാതെ നീ കഴിക്കരുത്. ഇതുവരെയും ഞാൻ അത് തെറ്റിച്ചിട്ടില്ല . നിങ്ങളെ ഭംഗിയായി സൽക്കരിച്ചു വിട്ടതിനു ശേഷം മാത്രമേ ഞാൻ കഴിക്കൂ. ഇതാണ് എന്റെ ശീലം’’. അതിഥികളുടെ കൂടെ ഇരുന്ന് കഴിക്കുന്നതിനേക്കാൾ, അവർക്ക് ഭക്ഷണം വിളമ്പുന്ന നല്ല ആതിഥേയനാവാനായിരുന്നു വിജയ് ഇഷ്‌ടപ്പെട്ടത്. അതിഥികളെ അത്ര നന്നായി പരിചരിക്കുന്ന സ്വഭാവക്കാരനാണത്രെ വിജയ്. ഇത്രയേറെ പ്രശസ്തനായ വിജയ് തന്റെ പ്രശസ്തി തലയിൽ വയ്ക്കാതെ തറയിൽ ആണ് വച്ചിരിക്കുന്നത്. അദ്ദേഹത്തെ ഓർത്ത് എനിക്ക് അഭിമാനവും ആശ്ചര്യവും തോന്നി.”
“അതിനു അടുത്ത ആഴ്ച മോഹൻലാൽ സാർ ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. ഞാനും വിജയും കൂടി അദേഹത്തിന്റെ വീട്ടിൽ പോയി. വിജയ്‌യ്ക്ക് ദോശയാണ് ഏറ്റവും ഇഷ്ടം. മോഹൻലാലിന് ബിരിയാണി ആണ് ഇഷ്ടം. മോഹൻലാൽ സാർ ഞങ്ങളെയെല്ലാം അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി തനിയെ ദോശ ചുട്ട് വിജയ്ക്ക് കൊടുത്തു. ‘ഇത് എന്റെ സ്നേഹം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിൽ ആ സിനിമ ഷൂട്ട് ചെയ്തു കഴിയുന്നതു വരെയും ഞങ്ങൾ മൂന്നുപേരും അത്രയ്ക്ക് സ്നേഹബന്ധത്തിൽ ആണ് കഴിഞ്ഞത്. ഇതെല്ലാം ഞാൻ വീഡിയോ എടുത്തു വച്ചിട്ടുണ്ട്. ഞാൻ വീഡിയോ എടുക്കുമ്പോൾ അദ്ദേഹം കളിയായി വഴക്കുപറയും.”
English Summary:
When Thalapathy Vijay Refused To Eat With Legend Mohanlal
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal 73rik414mhc5bgnlk2iu1el883 mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link