KERALAMLATEST NEWS

നാക് അക്രഡിറ്റേഷൻ: ഗവ. കോളേജുകളിൽ കൊള്ളപ്പിരിവ്

മീഞ്ചന്ത കോളേജിൽ കുട്ടികൾ നൽകേണ്ടത് 4000 രൂപ,​ അദ്ധ്യാപകർ 12,000

കോഴിക്കോട്: നാക് അക്രഡിറ്റേഷന്റെ പേരിൽ സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ കൊള്ളപ്പിരിവ്. ഡിഗ്രി പ്രവേശന സമയമായതിനാൽ രക്ഷിതാക്കളിൽ നിന്ന് പിരിവ് തകൃതി. പി.ടി.എ ഫണ്ടെന്നാണ് രസീതിൽ കാണിക്കുന്നത്.

കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 4000 രൂപയാണ് രക്ഷിതാക്കളിൽ നിന്ന് ഈടാക്കുന്നത്. അദ്ധ്യാപകരും നൽകണം ‘നാക് പിരിവ് ‘. അസി.പ്രൊഫസർ 6000,​ പ്രൊഫസർമാർ 12,000 വീതം നൽകണമെന്നാണ് പ്രിൻസിപ്പലിന്റെ തീട്ടൂരമത്രെ. കൊടുക്കാത്തവരുടെ അവധി അപേക്ഷകൾ കൊട്ടയിലേക്ക് പോകും. നാക് അക്രഡിറ്റേഷൻ പുതുക്കണമെങ്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് ന്യായീകരണം. സംസ്ഥാന,​ കേന്ദ്ര സർക്കാരുകളിൽ നിന്ന് ആവശ്യത്തിന് ഫണ്ട് കിട്ടുന്നില്ലെന്ന് കാണിച്ചാണ് പിരിവ്.

ഡയറക്ടർ ഓഫ് കോളിജിയറ്റ് എഡ്യൂക്കേഷന്റെ അനുമതിയില്ലാതെയാണ് അനധികൃത പിരിവ്. മീഞ്ചന്ത കോളേജിൽ വയനാട്ടിലു അട്ടപ്പാടിയിലും നിന്നുമൊക്കെ നിരവധി പട്ടികജാതി-വർഗ വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നുണ്ട്. അഡ്മിഷൻ ഫീസായ 1250 രൂപ പോലും അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരിൽ നിന്നാണ് 4000 രൂപ പിടിച്ച് പറിക്കുന്നത്.

നാക് സംഘത്തെ

സന്തോഷിപ്പിക്കാൻ

വിവിധ കാറ്റഗറികളിലാണ് അക്രഡിറ്റേഷൻ. ചെറുതിൽ നിന്ന് വലുതിലേക്ക് പോകണമെങ്കിൽ കൂടുതൽ പണം ചെലവാകുമെന്നാണ് പ്രിൻസിപ്പൽമാരുടെ വാദം. മീഞ്ചന്ത കോളേജിൽ പണപ്പിരിവിനായി മേയ് ഒന്നിന് ഗ്രാൻഡ് അലുംനി മീറ്റ് സംഘടിപ്പിച്ചിരുന്നു. രജിസ്ട്രഷൻ ഫീസ് 500 രൂപ. വ്യക്തിഗത സംഭാവന വേറെയും. ഡിഗ്രി, പി.ജി പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷനിൽ അംഗത്വത്തിനായി 500 രൂപ വീതം പിരിച്ചു. ഡിപ്പാർട്ട്‌മെന്റ് തല പൂർവ വിദ്യാർത്ഥി സംഘത്തിന്റെ പേരിൽ വേറെയും പിരിവ്. മാർക്ക് ലിസ്റ്റ്, ടി.സി എന്നിവ ലഭിക്കാനും പിരിവ് കൊടുക്കണം. മീഞ്ചന്ത ഗവ. കോളേജിൽ 2500 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പുതിയ പ്രവേശനം ആയിരത്തിനടുത്ത് വരും. അദ്ധ്യാപകർ 107 പേരും. പിരിക്കുന്നതിന്റെ കണക്ക് നോക്കിയാൽ എത്ര ലക്ഷം വരും,? . അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ചോദ്യത്തിന് ഉത്തരമില്ല.


Source link

Related Articles

Back to top button