KERALAMLATEST NEWS

മാസപ്പടി: മരിച്ച ഹർജിക്കാരന്റെ അഭിഭാഷകന് തുടരാമോ ?

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്ക് സി.എം.ആ‌ർ.എൽ കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന, കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ്ബാബുവിന്റെ ഹർജി ഹൈക്കോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. ഹർജി ഫയൽ ചെയ്ത അഭിഭാഷകന് ഇനി കേസിൽ ഹാജരാകാനാകുമോയെന്ന് തീരുമാനിക്കാനാണിത്. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചിലാണ് ഹർജി.
ഹർജിക്കാരൻ മരിച്ചതിനാൽ പിൻമാറുകയാണെന്ന് അഭിഭാഷകൻ നേരത്തേ അറിയിച്ചിരുന്നു. അതിനാൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ച് നടപടികൾ തുടരുകയായിരുന്നു.
ഇതിനിടെ വിജിലൻസ് അന്വേണം ആവശ്യപ്പെടുന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയും എത്തി. രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാൻ കോടതി തീരുമാനിച്ചു. ഈ ഘട്ടത്തിൽ, തന്നെയും കേൾക്കണമെന്ന് ഗിരീഷ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ അഭിഭാഷകന് ഹാജരാകാമോ എന്ന് പരിശോധിക്കുന്നത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ ഹാജരായിരുന്നില്ല.
വിജിലൻസ് അന്വേഷണാവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. റിവിഷൻ പെറ്റീഷൻ ആയതിനാലാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.


Source link

Related Articles

Back to top button