മലപ്പുറം: മലബാറിൽ പ്ലസ് വൺ സീറ്റ് കിട്ടാതെ നിരവധി കുട്ടികൾ പുറത്തുനിൽക്കുന്നത് യാഥാർത്ഥ്യമാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എസ്.എഫ്.ഐ സമരത്തിനിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് വി.പി.സാനു. പ്ലസ് വൺ സീറ്റ് ക്ഷാമവും ഉപരിപഠന പ്രതിസന്ധിയുമില്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വാദം തള്ളുന്നതാണ് എസ്.എഫ്.ഐ നിലപാട്. വിഷയത്തിന്റെ ഗൗരവം വിദ്യാഭ്യാസമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എല്ലാ കുട്ടികൾക്കും സീറ്റ് കിട്ടിയില്ലെങ്കിൽ എസ്.എഫ്.ഐ സമരത്തിനിറങ്ങും. വിദ്യാർത്ഥികൾക്കൊപ്പമാണ് എസ്.എഫ്.ഐയെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സാനു പറഞ്ഞു.
സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റുകൾ ആവശ്യമായി വരും. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം തീർക്കണം. ക്ലാസ് തുടങ്ങിയ ശേഷവും ബാച്ച് അനുവദിച്ച് പ്രവേശനം നൽകാനാവും. ഒരുക്ലാസിൽ 65 കുട്ടികൾ പഠിക്കുന്ന സാഹചര്യം ശരിയല്ല. അത് അമ്പതിലേക്ക് ചുരുക്കിക്കൊണ്ടുവരണം.
നീറ്റ്,സി.യു.ഇ.ടി,നെറ്റ് പരീക്ഷകളിൽ നടന്ന അട്ടിമറി സുപ്രീംകോടതി ജഡ്ജി അംഗമായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷിക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. നെറ്റ് പരീക്ഷ അട്ടിമറിമിച്ചവരെ കണ്ടെത്താതെ പരീക്ഷ റദ്ദാക്കിയത് അംഗീകരിക്കാനാവില്ല. പരീക്ഷയെഴുതിയ കുട്ടികൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
മന്ത്രിയുടെ വീട്ടിലേക്ക്
സമരം:എം.എസ്.എഫ്
മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ നടപടിയില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉൾപ്പെടെ സമരം നടത്തുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്.എഫ്.ഐയുടെ നിലപാട് ശരിയല്ല. ആമസോൺ കാടുകളിൽ തീപിടിത്തമുണ്ടായാൽ സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നൽകി നടക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ സമരം ചെയ്യണം. നീറ്റ്, നെറ്റ് വിഷയത്തിൽ തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എം.എസ്.എഫ് മാർച്ച് നടത്തും. സാങ്കേതിക സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചത് എസ്.എഫ്.ഐക്ക് വേണ്ടിയാണെന്നും തോൽക്കുമെന്ന് ഉറപ്പായതോടെയാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്നും പി.കെ. നവാസ് ആരോപിച്ചു.
എസ്.എഫ്.ഐ നിലപാട്
പരിഹാസ്യം: കെ.എസ്.യു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്ന എസ്.എഫ്.ഐ നിലപാട് പരിഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മലബാറിലടക്കം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടായ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി ആദ്യം സമര രംഗത്തെത്തിയത് കെ.എസ്.യുവാണ്. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം സമര പരിപാടികൾ സംഘടിപ്പിച്ചു. പ്രതഷേധത്തിനൊടുവിൽ സീറ്റുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിക്കുമെന്ന സാഹചര്യമുണ്ടായപ്പോൾ അതുവരെ ഉറക്കം നടിച്ചിരുന്ന എസ്.എഫ്.ഐ പൊടുന്നനെ സർക്കാരിനെതിരെ സമരം ചെയ്യുമെന്നുള്ള പ്രസ്താവനയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Source link