CINEMA

തലപ്പൊക്കത്തേക്കാള്‍ തലയെടുപ്പുള്ള അഭിനയം

തലപ്പൊക്കത്തേക്കാള്‍ തലയെടുപ്പുള്ള അഭിനയം | Amitabh Bachchan Kalki

തലപ്പൊക്കത്തേക്കാള്‍ തലയെടുപ്പുള്ള അഭിനയം

പി. അയ്യപ്പദാസ്

Published: July 03 , 2024 08:31 AM IST

1 minute Read

അമിതാഭ് ബച്ചൻ

തന്റെ തലപ്പൊക്കത്തേക്കാള്‍ തലയെടുപ്പുള്ള അഭിനയം. ഇതുവരെ കാണിച്ച മാസിനേക്കാള്‍ വലിയ മാസുമായി  എണ്‍പത്തിയൊന്നാം വയസ്സില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുകയാണ് കല്‍ക്കിയിലൂടെ അമിതാഭ് ബച്ചന്‍. പഞ്ച് ഡയലോഗും കിടിലന്‍ ആക്‌ഷന്‍ രംഗങ്ങളുമായി ബച്ചന്റെ അശ്വത്ഥാമാ തിയറ്ററുകളെ ഇളക്കി മറിക്കുകയാണ്. പ്രഭാസിനൊപ്പം വന്നുപോകുന്ന ഓരോ ആക്‌ഷന്‍ രംഗങ്ങളിലും അമിതാഭ് ബച്ചന്റെ പവര്‍ഫുള്‍ പെര്‍ഫോമന്‍സാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ബച്ചന്റെ ഒരു ചിത്രം ഇന്ത്യന്‍ സിനിമാലോകത്തെ ഇളക്കി മറിക്കുന്നത്. ബച്ചന്റെ പഴയതിനേക്കാള്‍ മൂര്‍ച്ചയേറിയ അഭിനയം കണ്ട ഞെട്ടലിലാണ് പ്രേക്ഷകരും. അഭിനയ സാധ്യതയേറെയുള്ള അശ്വത്ഥാമായുടെ ഓരോ ഘട്ടവും കൃത്യമായി അടയാളപ്പെടുത്താന്‍ ബച്ചനായിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയെ ആവേശഭരിതമാക്കുന്നതു തന്നെ ബച്ചന്റെ കിടിലന്‍ പ്രകടനമാണെന്ന് നിസംശയം പറയാം. ആക്‌ഷന്‍ രംഗങ്ങളില്‍ പ്രായത്തെ പോലും തോല്‍പ്പിക്കുന്ന ബച്ചന്‍ മാജിക്ക് ശരിക്കും തിയറ്റര്‍ അനുഭവം തന്നെയാണ്.

ഇതിഹാസ നായകനില്‍ നിന്നും തുടങ്ങി പഴയവീര്യം വീണ്ടെടുക്കുന്ന ബച്ചന്റെ കഥാപാത്രത്തിന് ഭാവപരിണാമങ്ങള്‍ ഏറെയുണ്ട്. പതിയെ അത് തുടങ്ങി ആവേശത്തിന്റെ കൊടുമുടിയിലേക്ക് നമ്മെ എത്തിക്കും. ആ മാറ്റങ്ങളെ ബച്ചനിലെ കഥാപാത്രം എങ്ങനെ അവതരിപ്പിക്കുന്നുവെന്നത് അഭിനയ വിദ്യാർഥികള്‍ക്ക് ഒരു വലിയ പാഠം തന്നെയാണ്. പുതുതലമുറ ടിവിയില്‍ മാത്രം കണ്ടു പരിചയിച്ച അമിതാഭ് ബച്ചന്റെ സിംഹഗര്‍ജ്ജനം നിറഞ്ഞ പ്രകടനം ബിഗ് സ്‌ക്രീനില്‍ കണ്ട് അനുഭവിക്കാനുള്ള അവസരംകൂടിയാണ് കല്‍ക്കിയില്‍ ഒരുക്കിയിരിക്കുന്നത്. ചുരുക്കത്തില്‍ പുതുതലമുറയിലും ഫാന്‍സിനെ ആവോളം വാരിക്കൂട്ടുകയാണ് താരം കല്‍ക്കിയിലൂടെ.
ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കല്‍ക്കിയില്‍ കഥാപരമായി ഉണ്ടാകുന്ന ചടുലതയുടെ പ്രധാന കാരണം അമിതാഭ് ബച്ചന്റെ സ്വാധീനമാണ്. പഭാസ് നിറഞ്ഞു നില്‍ക്കുമ്പോഴും കയ്യടി വാങ്ങി കൂട്ടുന്നത് ബച്ചന്‍ തന്നെയാണ്. പഴയതിനേക്കാള്‍ ഇരട്ടി വീര്യത്തോടെ ബിഗ്‌സ്‌ക്രീനില്‍ നിറഞ്ഞടാുന്ന ബച്ചനെയാണ് അവിടെ പ്രേക്ഷകര്‍ കാണുന്നത്. ആക്‌ഷന്‍ രംഗങ്ങളിലെന്നപോലെ വൈകാരിക രംഗങ്ങളിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്. ഒരു നോട്ടത്തില്‍പോലും ആ നടന്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ്.

ഇനി കാത്തിരിക്കുന്നത് കല്‍ക്കിയുടെ രണ്ടാം വരവാണ്. എന്തായാലും പുതിയ കഥാവഴിയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍ ഏറെയുണ്ടാകും. അവിടെ ബച്ചന്‍–കമല്‍ കൂട്ടുകെട്ടിന്റെ പ്രകടനം എന്തായിരിക്കും എന്നുതന്നെയാണ് കാണാന്‍ കാത്തിരിക്കുന്നത്. എന്തായാലും ഇന്ത്യന്‍ സിനിമയില്‍ ബച്ചന്‍ യുഗം തുടര്‍ന്നുകൊണ്ടേ ഇരിക്കും എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ‘കല്‍ക്കി’.

English Summary:
Amitabh Bachchan’s impressive transformation as Ashwatthama in ‘Kalki 2898 AD

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 3cle4uc9efabhfc1uo8rm88dru mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-amitabh-bachchan mo-entertainment-common-bollywood


Source link

Related Articles

Back to top button