‘ആർ.ഡി.എക്‌സ്” സിനിമയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സിന്” പിന്നാലെ സൂപ്പർ ഹിറ്റ് സിനിമയായ ‘ആർ.ഡി.എക്‌സിന്റെ” നിർമ്മാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ് നിർമ്മാതാക്കളായ സോഫിയ പോളിനും ജെയിംസ് പോളിനുമെതിരെ തൃപ്പൂണിത്തുറ പൊലീസിനെ സമീപിച്ചത്.

എന്നാൽ നിർമ്മാതാക്കളിൽ നിന്ന് വിവരം ശേഖരിച്ചശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ. 13 കോടി രൂപ ബഡ്ജറ്റിൽ സിനിമയെടുക്കാമെന്ന് പറഞ്ഞാണ് നിർമ്മാതാക്കൾ സമീപിച്ചത്. ആറു കോടിയായിരുന്നു തന്റെ വിഹിതം. 30 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്‌തു. സിനിമ പൂർത്തിയായപ്പോൾ 23 കോടിയായെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വരവു ചെലവ് കണക്ക് ആവശ്യപ്പെട്ടെങ്കിലും തരാനാകില്ലെന്നായിരുന്നു മറുപടി. വീണ്ടും ആവശ്യപ്പെട്ടപ്പോൾ സാമ്പത്തിക വിവരങ്ങൾ പുറത്തു പറയില്ലെന്ന കരാറിൽ ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ടു.

ഒപ്പിട്ട് നൽകിയിട്ടും സാമ്പത്തിക വിവരങ്ങൾ നൽകിയില്ല. സിനിമയ്‌ക്ക് 100 കോടിയിൽ കൂടുതൽ കളക്ഷൻ ലഭിച്ചെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടിട്ടുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടാണ് ആറുകോടി തിരികെ നൽകിയത്.


Source link

Exit mobile version