മുരളീധരന്റെ തോൽവി: അന്വേഷണം പൂർത്തിയായി, റിപ്പോർട്ട് ഉടൻ
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ തോൽവി അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയായി. താമസിയാതെ റിപ്പോർട്ട് നൽകിയേക്കും. കെ.സി.ജോസഫ്, ടി.സിദ്ദിക്ക് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതി രണ്ടു തവണയായി സീനിയർ നേതാക്കൾ, ഡി.സി.സി ഭാരവാഹികൾ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുത്തു.
ആലത്തൂരിൽ രമ്യഹരിദാസിന്റെ പരാജയത്തെക്കുറിച്ചുള്ള അന്വേഷണം രണ്ടാഴ്ചയ്ക്ക് ശേഷമുണ്ടാകും. മുരളീധരൻ മൂന്നാം സ്ഥാനത്തായത് കണക്കിലെടുത്ത് തൃശൂരിലെ തോൽവിയെപ്പറ്റിയാണ് ആദ്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതെന്ന് സമിതിയംഗങ്ങൾ പറഞ്ഞു.
ടി.എൻ.പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ എന്നിവർക്കെതിരെ സീനിയർ നേതാക്കൾ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയെന്നാണ് വിവരം. ഇവർക്കെതിരെ പോസ്റ്ററും ഊമക്കത്തും പ്രചരിച്ചിരുന്നു. മുരളീധരന്റെ തോൽവിക്ക് കാരണം ഇവരെന്നാണ് ആരോപണം. തൃശൂരിൽ തീരദേശത്തെ ചില വിഭാഗങ്ങളെ മുരളീധരനെതിരെ തിരിച്ചുവിട്ടെന്നും ആക്ഷേപമുണ്ട്. ഇത്തരം ആരോപണങ്ങളെ ചെറുക്കാനും തങ്ങൾക്ക് പിന്തുണയുണ്ടെന്ന് തെളിയിക്കാനുമുള്ള ശ്രമങ്ങളുണ്ട്. തെളിവെടുപ്പിന് ഇവരെ അനുകൂലിക്കുന്ന, തൃശൂർ മണ്ഡലത്തിന് പുറത്തുനിന്നുമുള്ളവരെ എത്തിച്ചിരുന്നത്രേ. അതേസമയം പ്രതാപനെതിരെയുള്ള വിമർശനങ്ങൾക്ക് തടയിടാൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് രംഗത്തെത്തി. പ്രതാപനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് അവർ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കി.
രമ്യക്കെതിരെ പ്രവർത്തകർ
ആലത്തൂരിൽ രമ്യ ഹരിദാസിന് എതിരെയുള്ള ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. പാർട്ടിയെ അനുസരിക്കാതെ ചിലരുടെ കൈയിലെ കളിപ്പാവയാണ് അവരെന്നും അനാവശ്യകാര്യങ്ങളിൽ കടുംപിടിത്തം കാണിച്ചെന്നും ആക്ഷേപമുണ്ട്. രമ്യയോട് വിയോജിപ്പുള്ളവർ പ്രചാരണത്തിൽ ഉൾപ്പെടെ സഹകരിച്ചില്ല. ബി.ജെ.പി സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസുവിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് കൂടിയത് കോൺഗ്രസിലെ വിള്ളലിനെ തുടർന്നാണെന്നും ആക്ഷേപമുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കല്ലെന്നും സ്ഥാനാർത്ഥിക്കാണെന്നും പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ തുറന്നടിച്ചത് വിവാദമായിരുന്നു.
Source link