കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തലിനു യുക്രെയ്ൻ തയാറാകണമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഒർബാൻ. ഒരു പതിറ്റാണ്ടിനു ശേഷം അയൽരാജ്യം സന്ദർശിക്കാനെത്തിയ ഒർബാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രെയ്നുമായി ഹംഗറി ഉഭയകക്ഷിസഹകരണത്തിന് ആഗ്രഹിക്കുന്നതായും ഒർബാൻ പറഞ്ഞു. ഒർബാൻ, യുക്രെയ്ന് പാശ്ചാത്യശക്തികൾ സൈനികസഹായം നൽകുന്നതിനെ തുറന്ന് എതിർക്കുന്നയാളും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഹംഗേറിയൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. വെടിനിർത്തൽ ആദ്യം നടത്തിക്കൊണ്ട് സമാധാനചർച്ചകൾ വേഗത്തിലാക്കാമെന്ന് സെലൻസ്കിയോടു പറഞ്ഞതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഒർബാൻ അറിയിച്ചു. സമയപരിധിവച്ചുള്ള വെടിനിർത്തൽ, സമാധാന ചർച്ചകൾ വേഗത്തിലാക്കും. സെലൻസ്കിയുമായി ഈ സാധ്യത താൻ ചർച്ചചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒർബാനു ശേഷം സംസാരിച്ച സെലൻസ്കി ഇതിനോടു പ്രതികരിച്ചില്ല. യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഓർബൻ, തീവ്രവലതുപക്ഷ കൂട്ടായ്മ രൂപവത്കരിക്കാനുള്ള ശ്രമത്തിനിടെയാണ് യുക്രെയ്ൻ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഓസ്ട്രിയയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും പാർട്ടികളെ കൂട്ടി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ‘പേട്രിയറ്റ്സ് ഫോർ യൂറോപ്പ്’ എന്ന പേരിൽ പുതിയ സഖ്യമുണ്ടാക്കാനാണ് ഒർബാന്റെ ശ്രമം.
Source link