കണ്ണീരണിഞ്ഞ് സിആർ7
ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ അധികസമയത്ത് തന്റെ പെനാൽറ്റി സ്ലോവാക്യൻ ഗോൾ കീപ്പർ ജാൻ ഒബ്ലാക്ക് തട്ടിത്തെറിപ്പിച്ചത് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നെഞ്ചിലാണ് തറച്ചത്. ഡിഗോ ജോട്ടയെ സ്ലോവാക്യൻ താരം വാൻജ ഡ്രകൂസിക് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച സ്പോട്ട് കിക്ക് റൊണാൾഡോയ്ക്ക് വലയിലെത്തിക്കാൻ സാധിച്ചില്ല. 105-ാം മിനിറ്റിലായിരുന്നു അത്. അധിക സമയത്തിന്റെ ആദ്യപകുതിക്കു പിരിഞ്ഞപ്പോഴും പെനാൽറ്റി ഷൂട്ടൗട്ടിലെത്തിനിന്നപ്പോഴും ക്രിസ്റ്റ്യാനോയുടെ കണ്ണുനിറഞ്ഞിരുന്നു. അധിക സമയത്തിന്റെ ഇഞ്ചുറി ടൈമിൽ കണ്ണീരണിഞ്ഞ റൊണാൾഡോയെ സഹതാരങ്ങൾ ഒന്നടങ്കം ആശ്വസിപ്പിച്ചത് ഫുട്ബോൾ ലോകത്തിലെ അപൂർവ നിമിഷമായി. ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ പോർച്ചുഗലിന്റെ ആദ്യ കിക്കെടുക്കാൻ മുഖ്യപരിശീലകൻ റോബർട്ടോ മാർട്ടിനെസ് ചുമതലപ്പെടുത്തിയത് റൊണാൾഡോയെ. മത്സരശേഷം മാർട്ടിനെസിന്റെ തോളിൽതലചായ്ച്ച റൊണാൾഡോയുടെ ചിത്രം ആരാധകർ നെഞ്ചിലേറ്റി. മാപ്പ് മാത്രമല്ല, പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ആരാധകരോട് മാപ്പുപറയാനും ക്രിസ്റ്റ്യാനോ റൊണാൾഡോ മടിച്ചില്ല. ഫുട്ബോൾ കരിയറിൽ എക്സ്ട്രാ ടൈമിൽ ലഭിച്ച ഒരു പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. അവസാന യൂറോ തന്റെ കരിയറിലെ അവസാന യൂറോ കപ്പ് ഫുട്ബോൾ ചാന്പ്യൻഷിപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്ലോവാക്യയ്ക്കെതിരായ പ്രീക്വാർട്ടർ ജയത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. മുപ്പത്തൊന്പതുകാരനായ റൊണാൾഡോയുടെ ആറാം യൂറോ ചാന്പ്യൻഷിപ്പാണ്. യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ (14), ഏറ്റവും കൂടുതൽ മത്സരം (29), ഏറ്റവും കൂടുതൽ അസിസ്റ്റ് (08), ഏറ്റവും കൂടുതൽ ജയം (16), ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റൻ (20) തുടങ്ങിയ ഒരുപിടി റിക്കാർഡുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ട്. റൊണാൾഡോ ഫോം യുവേഫ യൂറോ കപ്പ് 2024ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. ഒരു അസിസ്റ്റ് നടത്തിയതു മാത്രമാണ് സിആർ7ന്റെ ഈ യൂറോയിലെ ഗോൾ പങ്കാളിത്തം. പ്രീക്വാർട്ടർവരെയുള്ള മത്സരങ്ങളിലായി 20 പ്രാവശ്യം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിലേക്ക് ഷോട്ട് പായിച്ചു. ഇതുവരെ ഒരെണ്ണം പോലും ലക്ഷ്യംകണ്ടില്ല. യൂറോ ചരിത്രത്തിൽ ഒരു എഡിഷനിൽ ഗോളില്ലാതെ ഏറ്റവും കൂടുതൽ ഷോട്ട് എന്ന പട്ടികയിൽ നാലാം സ്ഥാനത്തും റൊണാൾഡോ എത്തി. ഡെക്കൊ പോർച്ചുഗൽ മുൻതാരം ഡെക്കൊയാണ് യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ ഗോളില്ലാതെ ഏറ്റവും കൂടുതൽ ഷോട്ട് പായിച്ചത്, 2004ൽ 24 ഷോട്ട്. ഹിറോ സ്പാനിഷ് താരം ഫെർണാണ്ടോ ഹിറോയാണ് ഗോളില്ലാ ഷോട്ടിൽ രണ്ടാം സ്ഥാനത്ത്, 1996ൽ 23 ഷോട്ട്. ഡിബ്രൂയിൻ പബെൽജിയത്തിന്റെ സൂപ്പർ താരം കെവിൻ ഡിബ്രൂയിനാണ് ഗോളില്ലാ ഷോട്ടിൽ മൂന്നാം സ്ഥാനത്തുള്ളത്. 2016 യൂറോയിൽ 21 ഷോട്ട് ഡിബ്രൂയിൻ തൊടുത്തു.
Source link