KERALAMLATEST NEWS

വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാന്‍ ശ്രമിക്കുന്നു; മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യജീവി സംഘര്‍ഷ മരണങ്ങളുടെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ
ശത്രുക്കളാക്കാന്‍ ചിലകേന്ദ്രങ്ങള്‍ ഗൂഢശ്രമം നടത്തുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍. ജൂലൈ ഒന്നു മുതല്‍ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനംആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്യേശശുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ഒരാള്‍ പോലും മരിക്കാന്‍ പാടില്ല എന്നാണ് വകുപ്പിന്റെ നിലപാട്. 2016 മുതല്‍ 2024 വരെയുള്ള വന്യജീവി സംഘര്‍ഷം മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചാണ് പലപ്പോഴും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിലെ ആകെ മരണങ്ങളായി പറയുന്ന 848 പേരില്‍ 573 പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം പലപ്പോഴും മറച്ചുവയ്ക്കുന്നു.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും നടത്തേണ്ടതുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം വനം-വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനംവകുപ്പിന്റെ ചുമതലയാണ്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് വനപാലകര്‍ ഈ ജോലി നിര്‍വഹിക്കുന്നത്. പക്ഷേ അവരുടെ വിലപ്പെട്ട സേവനം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, ഇതിന് മാറ്റം വരണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം വലുതാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വനമഹോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീ. ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു.


Source link

Related Articles

Back to top button