KERALAMLATEST NEWS

വിദേശ എം.ബി.ബി.എസ് യോഗ്യതാ പരീക്ഷ സുതാര്യമാക്കണം

കൊച്ചി: നീറ്റ് പരീക്ഷയിലും തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ, വിദേശ എം.ബി.ബി.എസുകാരുടെ യോഗ്യതാ പരീക്ഷ (എഫ്.എം.ജി.ഇ) സുതാര്യമാക്കണമെന്ന് രക്ഷിതാക്കൾ. ഇതിനായി കേന്ദ്ര സർക്കാരിന് നിവേദനം നൽകി.

നിലവിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നില്ല. പുനർമൂല്യനിർണയം നടത്താനോ ലഭിച്ച മാർക്ക് അറിയാനോ ഫലം വന്നാൽ പരാതി നൽകാനോ അവസരമില്ല.

വിദേശത്ത് എം.ബി.ബി.എസ് യോഗ്യത നേടുന്നവർ ഇന്ത്യയിൽ രജിസ്ട്രേഷൻ ലഭിക്കാൻ എഫ്.എം.ജി.ഇ ജയിക്കണം. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസാണ് (എൻ.ബി.ഇ.എം.എസ് ) ജൂൺ, ഡിസംബർ മാസങ്ങളിൽ പരീക്ഷ നടത്തുന്നത്.

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ, ആൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് നിവേദനങ്ങൾ സമർപ്പിച്ചത്.

വിജയം പരിമിതം

പരമാവധി 22 ശതമാനമാണ് എഫ്.എം.ജി.ഇയിലെ വിജയം. 2023ൽ 16.65 ശതമാനമായിരുന്നു. ബിരുദതല പരീക്ഷയാണെങ്കിലും ചോദിക്കുന്നത് ബിരുദാനന്തര നിലവാരത്തിലുള്ള ചോദ്യങ്ങളാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദേശത്ത് പ്രവേശനം നേടി 10 വർഷത്തിനകം എഫ്.എം.ജി.ഇ ജയിക്കണമെന്നാണ് വ്യവസ്ഥ.

`ക്രമക്കേടുകൾ ഒഴിവാക്കാനും മനപ്പൂർവം തോൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം.’

-ആൻഡ്രൂസ് മാത്യു

സംസ്ഥാന പ്രസിഡന്റ്,

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ്

പേരന്റ്സ് അസോസിയേഷൻ

കേരള മെഡി. കൗൺസിലിന്

എതിരെ വിദ്യാർത്ഥികൾ

കൊവിഡ് കാലത്ത് ഓൺലൈനിൽ വിദേശ എം.ബി.ബി.എസ് പഠിച്ചവർ ഒരുവർഷം ഇന്റേൺഷിപ്പ് നടത്തിയാൽ മതിയെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) നിർദ്ദേശം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നു. രജിസ്ട്രേഷന് അപേക്ഷിച്ചവരോട് കൊവിഡ് കാലത്ത് നാട്ടിൽ തങ്ങിയത് കണക്കാക്കി ഒന്നിലേറെവർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്ന് ഓൺലൈൻ അഭിമുഖത്തിൽ കൗൺസിൽ ആവശ്യപ്പെട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു.


Source link

Related Articles

Back to top button