ഗുരു ദർശനം സ്വാമി ശാശ്വതികാനന്ദ പകർന്ന് നൽകി: സ്വാമി ശുഭാംഗാനന്ദ
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ദർശനം ശാസ്ത്രീയമായി ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുകയെന്ന ചരിത്ര ദൗത്യമാണ് സ്വാമി ശാശ്വതികാനന്ദ വിജയകരമായി നടപ്പിലാക്കിയതെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.. സ്വാമി ശാശ്വതീകാനന്ദയുടെ 23-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന പ്രാർത്ഥനായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ദൈവത്തിന്റേയും ദേവാലയത്തിന്റേയും മതത്തിന്റേയും പേരിലുള്ള സങ്കുചിത വെല്ലുവിളികളെ നേരിടുന്നതിന് ഗുരു ദർശനം ഉൾക്കൊള്ളണം. ഈ പാതയിലൂടെ സഞ്ചരിച്ച് മാനവ സമൂഹത്തിന്റെ ജീവിതഗന്ധികളായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവുമെന്നു ബോദ്ധ്യപ്പെടുത്തുവാൻ ശാശ്വതികാനന്ദ സ്വാമിക്ക് കഴിഞ്ഞുവെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ, മുൻ എം.എൽ.എ. വർക്കല കഹാർ, മുൻ മുനിസിപ്പൽ ചെയർമാൻ സൂര്യപ്രകാശ് എന്നിവർ സംസാരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ എത്താതിരുന്ന സ്വാമി സൂക്ഷ്മാനന്ദയുടെ സന്ദേശം അരുൺ കുമാർ വായിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനി സ്മൃതി ലക്ഷ്മിക്കു ശിവഗിരി മഠത്തിന്റെ വിദ്യാഭ്യാസ ധനസഹായമായി 50,000 രൂപയുടെ ചെക്ക് സ്വാമി ശുഭാംഗാനന്ദ മാതാവിന് കൈമാറി.സ്വാമി ശുഭാംഗാനന്ദ, സ്വാമി വിദ്യാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബ്രഹ്മചാരിമാർ വൈദികർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: സ്വാമി ശാശ്വതികാനന്ദയുടെ 23-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന.
Source link