ചുണ്ടൻ ചാട്ടുളിയാവാൻ തുഴ മി​നുക്കി​ ​ബി​നു

തുഴ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിനുവും തൊഴിലാളികളും ഫോട്ടോ: വിഷ്ണു കുമരകം

ആലപ്പുഴ: ജലമേളയുടെ നാളുകളായി. തുഴയേറിന്റെ കരുത്തിൽ കരിനാഗത്തെപ്പോലെ പായുന്ന ചുണ്ടൻ പകരുന്ന ആവേശം. അത് അനുഭവിച്ചു തന്നെ അറിയണം.

തുഴ കുറ്റമറ്റതെങ്കിലേ ചുണ്ടൻ ചാട്ടുളിയാകൂ. തുഴകൾ ചെത്തിമിനുക്കുന്ന തിരക്കിലാണ് കോട്ടയം പനച്ചിക്കാട്ടെ വേമ്പനാട് റൂഡർ വർക്ക്സ് ഉടമ കെ.ആർ.ബിനുവും സംഘവും. 35വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിനു നി​ർമ്മി​ച്ച തുഴകൾ അങ്ങ് യു.കെയിലുമെത്തിയി​ട്ടുണ്ട്. സീസണിൽ 1500 തുഴകളിലധികം വി​വി​ധ ക്ളബുകൾക്കായി​ നി​ർമ്മി​ക്കും.

ഒരു ചുണ്ടന് 101 മുതൽ 110വരെ തുഴകൾ വേണ്ടി​വരും. ഒരു തുഴയൊരുക്കാൻ നാല് മണിക്കൂർ വേണം. സഹായികളായി കൊച്ചുമോൻ, പി.സി.രാജേഷ്, രാജേഷ്, രാജൻ എന്നിവരുമുണ്ട്. പനച്ചിക്കാട് കുടിൽവ്യവസായമായി തുഴ നിർമ്മി​ച്ചി​രുന്ന ഐസക്കാണ് ബിനുവിന്റെ ഗുരു.

മങ്കൂസ് തുഴ, തോക്ക് തുഴ എന്നിങ്ങനെ രണ്ട് തരമാണ് പ്രധാനമായും നിർമ്മിക്കുന്നത്. ആറന്മുള വള്ളംകളിക്ക് വീതി കുറഞ്ഞ കൂമ്പ് തുഴയാണ്. കായലിലെ മത്സ്യത്തൊഴിലാളികൾക്കും ചെല്ലാനം ഹാർബറിലേക്കും തുഴയൊരുക്കുന്നുണ്ട്.

കാലം മാറി​, മോഡലും

വെള്ളത്തിൽ മുട്ടുന്ന പത്തി ഭാഗത്തിന് പരമാവധി അഞ്ചര ഇഞ്ചായിരുന്നു മുമ്പ് വീതി. എന്നാൽ ഇന്ന് തുഴച്ചിലുകാർക്കിഷ്ടം ഏഴര ഇഞ്ച് വരെ വീതിയുള്ള തുഴകളാണ്. വീതി കൂടുംതോറും വള്ളത്തി​ന്റെ വേഗവും കൂടും.

ചൂണ്ടപ്പന ചെത്തി​മി​നുക്കും

ചൂണ്ടപ്പനത്തടിയി​ലാണ് തുഴനി​ർമ്മാണം. നല്ല വിളമുള്ള,​ 80 അടി നീളത്തിലെ തടി വേണം. അളവിൽ മുറിച്ച്, ഉളി ചെത്തി കനംകുറച്ച്, ചിന്തേരിട്ട്, സാൻഡ് പേപ്പറും പിടിക്കുന്നതോടെ തുഴ തയ്യാറാ‌ർ. അടിസ്ഥാനരൂപമൊരുക്കുന്നത് കൈപ്പണിയിലാണ്.

വില

7 ഇഞ്ച് തുഴ : 600 മുതൽ 750 വരെ

ആറന്മുള തുഴ : 800 മുതൽ 1000 വരെ


Source link
Exit mobile version