ബെയ്ജിംഗ്: ചൈനയിൽ സ്വകാര്യകമ്പനിയുടെ ബഹിരാകാശ റോക്കറ്റ് തകർന്നുവീണു. റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ്, വിക്ഷേപണത്തിനു തയാറെടുക്കുന്നതിനിടെ അബദ്ധത്തിൽ പറന്നുയർന്ന് മലമുകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബെയ്ജിംഗ് ടിയാൻബിംഗ് ടെക്നോളജിയുടെ റോക്കറ്റാണു തകർന്നുവീണത്. ഹെനാൻ പ്രവിശ്യയിലെ ഗോങ്യി കൗണ്ടിയിൽ ഗ്രൗണ്ട് ടെസ്റ്റിനിടെയാണ് ടിയാൻലോംഗ്-3 റോക്കറ്റ് അബദ്ധത്തിൽ പറന്നുയർന്നത്. ഭാഗ്യവശാൽ, ഗോംഗി നഗരത്തിലെ കുന്നിൻപ്രദേശത്താണു റോക്കറ്റ് വീണതെന്നു കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്തെ ആളുകളെ പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി നേരത്തേ ഒഴിപ്പിച്ചിരുന്നതിനാൽ സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമുണ്ടായിട്ടില്ല. റോക്കറ്റും വിക്ഷേപണത്തറയും തമ്മിലുള്ള ബന്ധത്തിലെ സാങ്കേതിക തകരാര്‍ മൂലമാണു റോക്കറ്റ് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നത്. പിന്നാലെ ശേഷി നഷ്ടപ്പെട്ട് റോക്കറ്റ് കുന്നിൻമുകളിൽ പതിക്കുകയായിരുന്നു. ഉടന്‍തന്നെ റോക്കറ്റ് തീഗോളമായി മാറി പൊട്ടിത്തെറിച്ചു.
Source link