ഡുസൽഡോർഫ്: ഫ്രാൻസ് 2024 യൂറോ കപ്പ് ഫുട്ബോൾ അവസാന എട്ടിൽ. ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് 1-0ന് ബെൽജിയത്തെ തോൽപ്പിച്ചു. ജാൻ വെർത്തോംഗന്റെ ഓണ്ഗോളിലാണ് ഫ്രാൻസിന്റെ ജയം. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഫ്രാൻസാണ് മുന്നിൽനിന്നത്. എന്നാൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിലൂടെ ഫ്രഞ്ച് ഗോൾമുഖം വിറപ്പിക്കാൻ ബെൽജിയത്തിനായി. മത്സരത്തിന്റെ തുടക്കം മുതലേ ഫ്രാൻസിന്റെ മുന്നേറ്റമായിരുന്നു. അഡ്രിയൻ റാബിയോ, ആന്റോയൻ ഗ്രീസ്മാൻ, കിലയൻ എംബപ്പെ, മാർകസ് തുറാം എന്നിവർ നിരന്തരം വല ലക്ഷ്യമാക്കി പന്തുകൾ തൊടുത്തു. ആദ്യപകുതി പൂർണമായും ഫ്രാൻസിന്റെ ആക്രമണത്തിലായിരുന്നെങ്കിലും ബെൽജിയൻ പ്രതിരോധം ഭേദിക്കാനായില്ല. രണ്ടാം പകുതി തുടങ്ങിയതേ ഫ്രാൻസ് ആക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ബെൽജിയൻ പ്രതിരോധം തകരാതെനിലകൊണ്ടു. 71-ാം മിനിറ്റിലാണ് ബെൽജിയത്തിന് ഒരു ഷോട്ട് വലയിലേക്ക് തൊടുക്കാനായത്. റൊമേലു ലുക്കാക്കുവിന്റെ ശ്രമം ഗോൾകീപ്പർ മൈക്ക് മെയ്ഗ്നൻ രക്ഷപ്പെടുത്തി. സമനിലയെന്നു കരുതിയിരിക്കേ ബെൽജിയൻ വല കുലുങ്ങി. റാൻഡൽ കൊലോ മുവാനിയുടെ വലയിലേക്കു തൊടുത്ത പന്ത് വെർത്തോംഗന്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്കു വീണു.
Source link