മഴ തന്നെ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത
തിരുവനന്തപുരം: ഇന്ന് മുതൽ ജൂലായ് മൂന്ന് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലുമാണിത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ഇന്ന് ഓറഞ്ച് അലർട്ടാണ്. അതേസമയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ജൂലായ് മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാനും മുന്നറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക
Source link