പോക്സോ കേസിൽ മദ്രസ അദ്ധ്യാപകന് 29 വർഷം തടവ്

ചേർത്തല:മദ്രസയിലെ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അദ്ധ്യാപകന് 29 വർഷം തടവും രണ്ടരലക്ഷം പിഴയും ശിക്ഷ വിധിച്ചു.അരൂക്കുറ്റി വടുതല ചക്കാല നികർത്ത് വീട്ടിൽ മുഹമ്മദ്(58) നെ ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
ചന്തിരൂരിലുള്ള മദ്രസയിൽ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബർ മാസം മുതൽ 2023 ജനുവരി മാസം വരെയുള്ള വിവിധ ദിവസങ്ങളിൽ മദ്രസയിലെ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 12വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ ലൈംഗികാതിക്രമം നടത്തിയതിന് ആറു വർഷം വീതം 24 വർഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വർഷം തടവും 50000 പിഴയും അടക്കമാണ് ശിക്ഷ.വിവിധ ശിക്ഷാ കാലാവധികൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു കോടതി ഉത്തരവിലുണ്ട്.
അരൂർ എസ്.ഐ സാബു രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർമാരായ ഹാരോൾഡ് ജോർജ്,കെ.പി.അനിൽകുമാർ എന്നിവരാണ്കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി.ബിനാ കാർത്തികേയൻ,അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ കോടതിയിൽ ഹാജരായി.


Source link
Exit mobile version