HEALTH

Doctors' Day അർഹതപ്പെട്ട അംഗീകാരം ഡോക്ടർമാർക്ക് ലഭിക്കുന്നില്ല, ഇത് സമൂഹം മുൻകൈ എടുക്കേണ്ട ദിവസം


മറ്റൊരു ഡോക്ടർ ദിനം കൂടെ വരവായി. ചികിത്സാ രംഗത്തെന്ന പോലെ തന്നെ സാമൂഹ്യ ,രാഷ്ട്രീയ,ഭരണ നിർവഹണ മേഖലകളിലും തിളങ്ങിയ ഡോ. ബി. സി.റോയ് അനുസ്മരിക്കപ്പെടുന്ന ദിവസം. പ്രഗൽഭനായ ഭിഷഗ്വരൻ എന്നതിലുപരി സ്വാതന്ത്ര്യ സമര പോരാളി, ഉന്നത പദവികൾ സി അലങ്കരിച്ച രാഷ്ട്രീയ നേതാവ് എന്നതിനും പുറമെ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ വരെ അദ്ദേഹം ശോഭിച്ചു.

സമകാലീന ഡോക്ടർ സമൂഹം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നതും അവരുടെ പ്രതിഷേധങ്ങൾ ബധിര കർണങ്ങളിൽ പതിക്കുന്നതും ഓർമ്മ വെച്ചു വേണം ഇത്തവണത്തെ ദിനാഘോഷങ്ങൾ. സമൂഹത്തിന് വേണ്ടി ഒട്ടേറെ സേവനങ്ങൾ നൽകി വരുന്ന ഡോക്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ, അവരോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കാൻ പൊതു സമൂഹം മുൻകൈ എടുക്കേണ്ട ദിവസമാണ് ജൂലൈ ഒന്ന്. ജനങ്ങൾ മുൻകൈയ്യെടുത്ത് നടത്തേണ്ട ദിനാഘോഷങ്ങൾ ഇന്നും ഡോക്ടർമാരുടെ തന്നെ ഉത്തരവാദിത്തം മാത്രമായി ചുരുങ്ങുന്നത് തികച്ചും ഖേദകരമാണ്. മറ്റേതൊരു വിഭാഗത്തിലുമെന്നപോലെ തിരുത്തപ്പെടേണ്ടവർ ഞങ്ങൾക്കിടയിലും കാണും എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തന്നെ പറയട്ടെ അർഹതപ്പെട്ട അംഗീകാരം ഡോക്ടർമാർക്ക് ലഭിക്കുന്നില്ല എന്നത് ഒരു ദുഖസത്യമാണ്.

Representative image. Photo Credit: Anchiy/istockphoto.com

ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ ഡോക്ടർമാരെ ഉൾപ്പെടുത്തിയ കാലം മുതൽ അതിന്റെ അപകടങ്ങൾ ഞങ്ങൾ അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ്. ഒടുവിൽ മറ്റൊരു ജൂലായ് ഒന്നിന് തന്നെ അതിന്റെ വകുപ്പുകളിലും ചട്ടങ്ങളിലും നീതിക്ക് നിരക്കാത്ത രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. സന്നിഗ്ധ ഘട്ടങ്ങളിൽ രോഗിയെ പരിചരിക്കാനും രക്ഷിക്കാനും മുതിരുന്ന ഡോക്ടർമാരുടെ കൈയിൽ മറ്റൊരു ചങ്ങല കൂടെ വരുന്നു എന്നതാണ് യാഥാർത്ഥ്യം. കുറ്റാരോപണവും ശിക്ഷാനിർദേശങ്ങളും കടുത്തതാക്കി എന്ന് കാണുമ്പോൾ പ്രതിരോധത്തിലാകുന്നത് ചികിത്സാ മേഖലയും ചികിത്സകരുമാണ്. വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ നഷ്ടം രോഗികൾക്കും പൊതുജനങ്ങൾക്കും അതു വഴി ഏറെ പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യാ മോഡലിനുമാണ്.

ലോകത്താകമാനം അംഗീകരിക്കപ്പെടുന്നതും വിശ്വാസം ആർജിച്ചതുമാണ് ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ സംവിധാനവും അതു വഴി ഇന്ത്യൻ മോഡേൺ മെഡിസിൻ ഡോക്ടർമാരും. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും സുരക്ഷിതമായി ഇന്ത്യൻ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സാധിക്കുന്നതും അവരുടെ യോഗ്യതയ്ക്കും നിലവാരത്തിനും കൽപ്പിക്കപ്പെടുന്നതും നാം കാണുന്നതാണ്. പക്ഷെ അടുത്ത കാലത്തായി മെഡിക്കൽ പ്രവേശന പരീക്ഷകളിൽ നടമാടുന്ന അരാജകത്വം തികച്ചും നിരാശാജനകമാണ്. പരീക്ഷകളുടെ വിശ്വാസ്യതയെ തകർക്കുന്നതോടൊപ്പം മറ്റു രാജ്യങ്ങളിൽ നമ്മുടെ ബിരുദങ്ങളെ കുറിച്ച് അവമതിയും സംശയവും വളർത്താന്‍ ഇതൊക്കെ സഹായകമാവും. പരീക്ഷാ നടത്തിപ്പ് കാലോചിതമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. അർഹതയില്ലാത്ത ഉദ്യോഗസ്ഥരെ നീക്കം ചെയ്യണം. പ്രവേശന പരീക്ഷകൾ മുഴുവൻ ഓൺലൈൻ സംവിധാനത്തിൽ ആക്കുന്നതോടൊപ്പം വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകണം. അതത് സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷ കൂടെ ഉൽപ്പെടുത്തി ഒരു ദ്വിതല സംവിധാനം അഴിമതിരഹിതമാകുവാൻ സഹായകമാവും. യുവതലമുറയോടും വരും തലമുറയോടും നമുക്ക് നീതി പുലർത്തിയെ പറ്റൂ.

ഭാരതത്തിൽ പുരാതന കാലം തൊട്ട് നിലവിലുള്ള ചികിത്സാ മേഖലയാണ് ആയുർവേദം. കൂടാതെ മറ്റു പല സ്വദേശ, വിദേശ ജന്യമായ ചികിത്സാ വിഭാഗങ്ങളും നിലവിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിേഷൻ മുന്നോട്ടു വെക്കുന്നത് ഓരോ ചികിത്സാ വിഭാഗത്തിന്റെയും തനതായതും സദുദ്ദേശ്ത്തോടെയുമുള്ള പുരോഗതിയുമാണ്. ഇതിനു പകരം അന്യായമായി വിവിധ ചികിത്സാ രീതികൾ കൂട്ടി കലർത്തി നടപ്പിലാക്കുന്ന സങ്കര വൈദ്യം രോഗികളുടെ ജീവൻ കൊണ്ടുള്ള തീക്കളിയാണ്.വൈദ്യ ശാസ്ത്ര രംഗത്ത് അതാത് വിഭാഗത്തിൽ അടിസ്ഥാന തലത്തിൽ ഇല്ലാത്ത രീതികൾ തിരുകിക്കയറ്റി അവയുടെ തനിമ ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ വയ്യ. മെഡിക്കൽ കൗൺസിലുകളെ ഉപയോഗപ്പെടുത്തി നടത്തുന്ന ഇത്തരം ദ്രോഹങ്ങളിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പിൻമാറേണ്ടതുണ്ട്.
ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെയുള്ള ആക്രമണങ്ങൾ ഇന്ന് ദൈനംദിന സംഭവങ്ങളാണ്. കേരളത്തിൽ അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഇതിനെതിരെ നിയമ നിർമ്മാണം നടന്നുവെങ്കിലും ആക്രമങ്ങളും അധിക്ഷേപങ്ങളും നിർബാധം തുടരുന്നു. ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളെ സമ്പൂർണ്ണ സുരക്ഷിത മേഖലകൾ ആയി പ്രഖ്യാപിക്കാതെ ഇതിന് ഒരു ശമനം വരുമെന്ന് തോന്നുന്നില്ല. കുറ്റക്കാർക്കെതിരെ തുടർച്ചയായ ആത്മാർഥമായ നടപടികൾ എടുക്കുകയും വേണം. അല്ലെങ്കിൽ ഗുരുതര രോഗങ്ങളുമായി അലയേണ്ടി വരുന്നത് സാധാരണക്കാരായ രോഗികളായിരിക്കും. ദേശീയ തലത്തിൽ ഇതിനെതിരെ ശക്തമായ ഒരു നിയമ നിർമ്മാണം വരേണ്ടതുണ്ട്. പ്രസ്തുത നിയമത്തിൽ ശാരീരികവും മാനസികവുമായ അധിക്ഷേപങ്ങൾക്കും ആക്രമങ്ങൾക്കും പുറമെ സോഷ്യൽ മീഡിയ അക്രമങ്ങൾക്കും അറുതി വരുത്തണം.

കലുഷിതമായ ആരോഗ്യമേഖല മറ്റൊരു ഡോക്ടർ ദിനത്തിന് തയ്യാറെടുക്കുന്നത് അൽപ്പം ഒരു ആശങ്കയോടെയും അങ്കലാപ്പോടെയുമാണ്. പ്രസ്തുത  വിഷയങ്ങളിൽ പൊതു സമൂഹവും ഭരണകർത്താക്കളും ആത്മാർത്ഥമായി ഇടപെടാത്ത പക്ഷം ആധുനിക ചികിത്സാ രംഗം ഇരുട്ടിലേക്കായിരിക്കും.ധനവിനിയോഗത്തിനും നിയമ നിർമ്മാണത്തിനും മദ്ധ്യേ ഡോക്ടർമാരെയും ചികിത്സാ സംവിധാനങ്ങളെയും വിശ്വാസത്തിലെടുക്കുക അവർക്ക് ആത്മ ധൈര്യം നൽകുക എന്നുള്ളതും സർക്കാരിന്റെ കർത്തവ്യമാണ്. അല്ലാത്ത പക്ഷം ചികിത്സകരെ പ്രക്ഷോഭത്തിലേക്ക് നയിക്കുക വഴി അവരെ നിരാശരാക്കുന്നത് ശരിയല്ല.
സമൂഹത്തോടുള്ള ഞങ്ങളുടെ കൂറും കടപ്പാടും ഒന്ന് കൂടെ ഉറക്കെ പ്രഖ്യാപിക്കാൻ ഈ ദിനം ഉപയോഗിക്കുമ്പോഴും ഞങ്ങൾ പറയട്ടെ….ഞങ്ങൾക്ക് സുരക്ഷിതത്വം വേണം, ആത്മ വിശ്വാസം പകരണം. എന്തിനെന്നല്ലേ? നിങ്ങളെ സേവിക്കാൻ….പരിചരിക്കാൻ….ഒരു സംഘർഷരഹിത ആരോഗ്യ മേഖല കെട്ടിപ്പടുക്കാൻ.

(ലേഖകൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ആണ്. അഭിപ്രായം വ്യക്തിപരം)


Source link

Related Articles

Back to top button