മന്ത്രിയുടെ തീരുമാനം അട്ടിമറിച്ച് കൊടുമണിൽ വിവാദ ഓട പണിതു

കൊടുമൺ: മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ വിവാദ ഓട ഒഴിച്ചിട്ട് ഏഴംകുളം കൈപ്പട്ടൂർ റോഡിന്റെ പണി തുടരാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എടുത്ത തീരുമാനം അട്ടിമറിച്ചു. ഇന്നലെ രാവിലെ വൻ പൊലീസ് സന്നാഹത്തിൽ ഓട പണി തുടങ്ങി. തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് രാത്രി വരെ കൊടുമൺ പൊലീസ് സ്റ്റേഷനിലിരുത്തി. തർക്ക ഭാഗത്തെ പണി പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്.
പണിക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിൽ ഓട റോഡിലേക്ക് വളച്ചു കെട്ടിയതാണ് വിവാദമായത്. അലൈൻമെന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേരത്തെ സ്ഥാപിച്ച കൊടി പൊലീസ് എടുത്തു മാറ്റി. ഇതു ചോദ്യം ചെയ്താണ് കോൺഗ്രസുകാർ പണി തടഞ്ഞത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
ചിറ്റയം ഗോപകുമാർ നൽകിയ നിവേദനത്തെ തുടർന്നാണ് പൊതുമരാമത്ത്, കേരള റോഡ്ഫണ്ട് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് മന്ത്രി യോഗം വിളിച്ചത്. തർക്കം നിലനിൽക്കുന്ന ഭാഗം ഇന്നലെ കേരള റോഡ്ഫണ്ട് കെ.ആർ.എഫ്.ബി ചീഫ് എൻജിനിയർ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ അലൈൻമെന്റ് മാറ്റാൻ ശ്രമിച്ചെന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ.ശ്രീധരന്റെ ആരോപണം പാർട്ടിയിലും പുറത്തും വിവാദമായിരുന്നു.
Source link