ബംഗാളിലും ഗോവയിലും വിജയിച്ചതോടെ 50 ലക്ഷം മുടക്കി ആലപ്പുഴയിലും: ഇന്നും പ്രദേശവാസികൾ കഴിയുന്നത് ഭീതിയോടെ

അമ്പലപ്പുഴ : കടൽക്ഷോഭം തടയാൻ സ്ഥാപിച്ച ജിയോ ട്യൂബുകൾ ഒരു വർഷം തികയുംമുമ്പേ തകർന്നതിനെത്തുടർന്ന് നീർക്കുന്നത്തെ തീരവാസികൾ കടലാക്രമണ ഭീഷണിയിൽ. 2018ലാണ് സംസ്ഥാനത്തു തന്നെ ആദ്യമായി ജിയോ ട്യൂബുകൾ സ്ഥാപിക്കാൻ അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ നീർക്കുന്നം കടൽത്തീരം തിരഞ്ഞെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ 100 മീറ്റർ ദൂരത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് ജിയോ ട്യൂബുകൾ സ്ഥാപിച്ചത്.
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കടൽഭിത്തി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ കടൽഭിത്തികൾ കടലെടുത്തപ്പോഴാണ് ജിയോ ട്യൂബ് പരീക്ഷിക്കാൻ ഇറങ്ങിത്തിരിച്ചത്. എന്നാൽ ഒരുവർഷത്തിനുള്ളിൽ എല്ലാം തരിപ്പണമായി. ജിയോ ട്യൂബുകൾ തകർന്ന ഈ ഭാഗത്ത് 5വർഷത്തോളമായി കടൽക്ഷോഭം അതിരൂക്ഷമാണ്. ഈ കാലയളവിൽ പ്രദേശത്തെ 15ഓളം വീടുകൾ തകർന്നു. പലവീടുകളും തകർച്ചാഭീഷണിയിലുമാണ്. ജിയോട്യൂബ് സ്ഥാപിച്ചതിനാൽ പിന്നീട് ഇവിടെ കടൽഭിത്തി നിർമ്മിച്ചുമില്ല. ടെട്രോപോഡുകൾ നിരത്തി കടൽക്ഷോഭത്തെ തടയാമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
ഇറിഗേഷൻ വകുപ്പ് ആദ്യമേ എതിർത്തു
1.ഇറിഗേഷൻ വകുപ്പ് ആദ്യം മുതൽ തന്നെ തീരത്ത് ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയെ എതിർത്തിരുന്നു
2.പശ്ചിമ ബംഗാൾ, ഗോവ എന്നിവിടങ്ങളിൽ വിജയംകണ്ടിട്ടുണ്ടെന്നായിരുന്നു ഇതിനെ അനുകൂലിച്ചവർ ചൂണ്ടിക്കാട്ടിയത്
3. കരിങ്കൽഭിത്തി തന്നെ വേണമെന്ന് ഇറിഗേഷൻ വകുപ്പ് പറയുന്നത് കോടികളുടെ വെട്ടിപ്പിന് വേണ്ടിയെന്നാണ് ജിയോട്യൂബിനെ അനുകൂലിച്ചവരുടെ വാദം
4. അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടാണ് കരിങ്കൽ ഭിത്തി തകരുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
100 : ജിയോ ട്യൂബ് പരീക്ഷിച്ചത് നൂറ് മീറ്ററിൽ
ടെട്രോ പാഡുകൾ നിരത്തൽ എങ്ങും എത്തിയിട്ടില്ല. കടൽക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകുമ്പോൾ ഭീതിയോടെയാണ് കഴിയുന്നത്
– പ്രദേശവാസികൾ
Source link