രാഹുൽകാലം

ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗം ആരംഭിക്കുന്നത് 2007ലാണ്. അതിനു തൊട്ടുമുന്പ് നടന്ന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പുറത്താകൽ ദുരന്തമായിരുന്നു ഈ തലമുറമാറ്റത്തിനു കാരണം. പിന്നീട് ധോണിക്കു കീഴിൽ ഇന്ത്യ നടത്തിയ പടയോട്ടം ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ, 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്പോൾ പോർട്ട് ഓഫ്സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവൽ ബാൽക്കണിയിൽ നിരാശനായി ഇരിക്കുന്ന ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ ഒരു ചിത്രമുണ്ട്. ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ചിത്രം. സൂപ്പർതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീം ബംഗ്ലാദേശ് പോലെ താരതമ്യേന ദുർബല ടീമിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് ആരാധകർ താരങ്ങൾക്കെതിരായി. പല താരങ്ങളുടെയും വീടുകൾക്കു നേരേ ആക്രമണങ്ങളുണ്ടായി. ദ്രാവിഡും വയസൻ സംഘവും വഴിമാറണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. കുറച്ചു വർഷങ്ങൾക്കുശേഷം ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ പടിയിറങ്ങി, കിരീടമില്ലാതെ. സച്ചിൻ തെണ്ടുൽക്കറിന്റെ നിഴലിലായിപ്പോയി എന്ന ഒറ്റക്കാരണത്താൽ, ഇതിഹാസപദവിയിൽനിന്നു മാറ്റിനിർത്തി അപമാനിച്ചവർക്കും കുത്തിനോവിച്ചവർക്കുമെല്ലാം 17 വർഷങ്ങൾക്കുശേഷം മറുപടി നൽകുകയാണ് ദ്രാവിഡ്; അതും നാണംകെട്ട് മടങ്ങേണ്ടിവന്ന അതേ മണ്ണിൽ നീലപ്പടയ്ക്കൊപ്പം ഒരു കിരീടവിജയത്തോടെ. 11 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ ഐസിസി കിരീടനേട്ടമെന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം. 16 വർഷം ഇന്ത്യൻ ടീമിൽ കളിച്ച ദ്രാവിഡ് കളിക്കാരൻ എന്ന നിലയിൽ കിരീടം അർഹിച്ചിരുന്നു. എന്നാൽ, നേടാനായില്ല. പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീല സംഘത്തിലേക്കു ദ്രാവിഡ് എത്തി. 2018ൽ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടർ 19 ടീം ലോകകപ്പ് കിരീടം നേടുന്പോൾ ദ്രാവിഡായിരുന്നു പരിശീലകസ്ഥാനത്ത്. പിന്നീട് രവി ശാസ്ത്രിക്കുശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ചുമതല ബിസിസിഐ ദ്രാവിഡിനെ ഏൽപ്പിച്ചു. വിരാട് കോഹ്ലിയിൽനിന്ന് ഏകദിനടീമിന്റെ നായകസ്ഥാനമെടുത്ത് രോഹിത് ശർമയ്ക്കു നൽകിയത് ദ്രാവിഡാണ്. ടൂർണമെന്റുകളിൽ ആദ്യ നാലിൽ ഒരു സ്ഥാനം ഇന്ത്യക്കുറപ്പാണെങ്കിലും കിരീടം മാത്രം ഒഴിഞ്ഞുനിന്നു. ഒടുവിലിപ്പോൾ പരിശീലക കരിയറിന്റെ അവസാനദിനം രോഹിത്തിന്റെ നായകത്വത്തിൽ ഒരു ലോകകപ്പുമായി ദ്രാവിഡ് മടങ്ങുന്നു. ഇന്ത്യ നേടിയെടുത്ത ലോകകപ്പ് ട്രോഫിയുയർത്തി ആഘോഷിക്കുന്ന ദ്രാവിഡിന്റെ വീഡിയോ വൈറലാണ്. സൗമ്യനും മിതഭാഷിയുമായ ദ്രാവിഡിൽനിന്ന് സമീപകാലത്തൊന്നും കാണാത്ത ചിത്രം. ഇന്ത്യൻ ടീമിനൊപ്പം ദ്രാവിഡിന്റെ അവസാന യാത്രയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ബാർബഡോസിൽ കിരീടവിജയം ആഘോഷിക്കുന്പോൾ ആ ഓർമകളെല്ലാം അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയിരിക്കണം.
Source link