ബൂം മിസൈൽ
ജസ്പ്രീത് ബുംറ- ഇന്ത്യൻ ബൗളിംഗിന്റെ കിരീടമുള്ള രാജാവ്. ട്വന്റി-20 ലോകകപ്പിൽ തോൽവിയുടെ വക്കിൽനിന്ന് ഒരൊന്നാന്തരം ഓവറിലൂടെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ബുറയുടെ പ്രകടനം ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുമെന്നുറപ്പ്. ടൂർണമെന്റിന്റെ താരമായി ഐസിസി ബുംറയെ തെരഞ്ഞെടുത്തത് വെറുതെയല്ല. ട്വന്റി-20 ലോകകപ്പിൽ ഫൈനൽവരെയുള്ള എട്ടു കളികളിൽ ബുംറ എറിഞ്ഞത് 178 പന്തുകളാണ്, വിട്ടുകൊടുത്തത് 124 റണ്‍സ് മാത്രം. 4.17 ഇക്കണോമിയിൽ 15 വിക്കറ്റ്. രണ്ടു മെയ്ഡൻ. ശരാശരി-8.26. മികച്ച പ്രകടനം- 3/7. ബുദ്ധികൂർമത, പേസ്, വേരിയേഷൻ, യോർക്കർ, വൈഡ് യോർക്കർ, സ്ലോബോൾ, ബൗണ്‍സർ, സ്വിംഗ് എന്നുവേണ്ട ബൗളിംഗിലെ എല്ലാ ആയുധങ്ങളും ആവനാഴിയിൽ കുത്തിനിറച്ച രാജാവിന്റെ പട്ടണപ്രവേശമാണ് ബാർബഡോസിൽ കണ്ടത്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയാണ് ബുറയുടെ ബൗളിംഗ്. ചെറിയ റണ്ണപ്പാണ്. ഇരുപതോളം സ്റ്റെപ്പുകൾ മാത്രം. എന്നാൽ, അണ് ഓർത്തഡോക്സ് ബൗളിംഗ് ആക്ഷനും ശരീരഭാരം ക്രമീകരിക്കുന്നതിലെ കൃത്യതയും അദ്ദേഹത്തിന്റെ പന്തുകളെ അപകടകാരിയാക്കും. അന്തരീക്ഷത്തിൽ അതിവേഗം പായുന്ന ബുംറയുടെ പന്ത് പിച്ചുചെയ്തശേഷം സ്ലോ ആകുന്നത് മനസിലാക്കിയ ബാറ്റർമാർ സമീപകാല ക്രിക്കറ്റിൽ ചുരുക്കം. മത്സരശേഷം ഭാര്യയും ടിവി അവതാരകയുമായ സഞ്ജനയുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടു. ലോകകപ്പ് ജേതാവായ ഭർത്താവിനെ ഭാര്യ അഭിമുഖം നടത്തുന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവം…
Source link