മക്രോണിന്റെ പ്രതീക്ഷ തെറ്റിയേക്കും; ഫ്രാൻസിൽ വലതുപക്ഷം ഒന്നാമതാകും

പാരീസ്: മൂന്നുവർഷംകൂടി കാലാവധിയുള്ള പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നടപടി കൈവിട്ടകളിയാകുമെന്നു സൂചന. ഇന്നലെ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനേസെൻസ് പാർട്ടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നാണു റിപ്പോർട്ട്. മരീൻ ലെ പെന്നും ജോർഡാൻ ബാർഡെല്ലയും നേതൃത്വം നല്കുന്ന നാഷണൽ റാലി ഒന്നാമതെത്തുമെന്നാണു പ്രവചനം. ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമാണ് ഒരു വലതുപക്ഷ പാർട്ടി ഒന്നാമതെത്തുന്നത്. ഇടതുപാർട്ടികളായിരിക്കും രണ്ടാം സ്ഥാനത്ത്. നാഷണൽ റാലി പാർട്ടി യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ പശ്ചാത്തലത്തിലാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇരുപതു ദിവസം മാത്രം നീണ്ട പ്രചാരണക്കാലയളവ് നാഷണൽ റാലിക്കാണു ഗുണം ചെയ്തത്. കുടിയേറ്റം, കുറ്റകൃത്യം, നികുതി തുടങ്ങിയ വിഷയങ്ങളിലെ വാഗ്ദാനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പാർട്ടിക്കു പ്രത്യേക പ്രയത്നം വേണ്ടിവന്നില്ല. നാഷണൽ അസംബ്ലിയിലെ 577 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. അന്പതു ശതമാനത്തിനു മുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത മണ്ഡലങ്ങളിൽ വരുന്ന ഞായറാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 250 സീറ്റുകളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു സൂചന. മക്രോണിന്റെ റിനേസെൻസ് പാർട്ടി നേതൃത്വം നല്കുന്ന എൻസെന്പിൾ സഖ്യം വലിയ തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായസർവേഫലം. ഒളിന്പിക്സ് പടിവാതിലിലെത്തിനിൽക്കേ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ മക്രോണിന്റെ സഖ്യകക്ഷികൾ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നാഷണൽ റാലിയുടെ ജോർഡാൻ ബോർഡെല്ല അടുത്ത ഫ്രഞ്ച് പ്രധാനമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേവല ഭൂരിപക്ഷത്തിനുവേണ്ട 289 സീറ്റുകൾ പാർട്ടി നേടിയാൽ മാത്രമേ പ്രധാനമന്ത്രിയാകൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം എന്തായാലും രാജിവയ്ക്കില്ലെന്നു പ്രസിഡന്റ് മക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് 2027 മേയ് വരെ കാലാവധിയുണ്ട്.
Source link