തലവര മാറ്റാൻ ശബരി റെയിൽപാത; 4800 കോടിയുടെ പദ്ധതിയിൽ ഏറെ ഗുണം തലസ്ഥാനക്കാർക്ക്

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുള്ള 4800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരളം. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
വിഴിഞ്ഞം തുറമുഖം ഉടൻ കമ്മിഷൻ ചെയ്യുമ്പോൾ കണ്ടെയ്‌നർ നീക്കം റോഡുകൾക്ക് താങ്ങാനാവില്ലെന്നും അതിനാൽ വടക്കോട്ട് റെയിൽപാത അനിവാര്യമാണെന്നും ചീഫ്സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ അറിയിച്ചു.
ശബരിപാത എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സർവേ 2013ൽ നടത്തിയപ്പോൾ വരുമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്. ഇപ്പോൾ സ്ഥിതി മാറി. ഗതാഗത കുരുക്ക് മൂലം എം.സി റോഡിലെ യാത്രാസമയം വർദ്ധിച്ചു. വിഴിഞ്ഞം തുറമുഖത്തുനിന്ന് എം.സി റോഡ് വഴിയുള്ള ചരക്കു നീക്കം കൂടിയാവുമ്പോൾ സ്ഥിതി ഗുരുതരമാവും.
എം.സി റോഡിന് സമാന്തരമായി അങ്കമാലി – തിരുവനന്തപുരം ഗ്രീൻഫീൽഡ് പാതയ്‌ക്ക് ദേശീയപാത അതോറിട്ടി പദ്ധതി തയ്യാറാക്കുന്നുണ്ട്. തുറമുഖത്തിന്റെ ആവശ്യങ്ങൾ ഈ പാതയ്ക്കും നിറവേറാനാവില്ല. ശബരി റെയിൽ പാത ബാലരാമപുരം വരെ മതി. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്. അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളിൽ റെയിൽവേ കണക്‌ടിവിറ്റിയെന്ന റെയിൽവേ നയത്തിന് അനുയോജ്യമാണ് പദ്ധതിയെന്നും ചീഫ്സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി.
എരുമേലി – ബാലരാമപുരം റെയിൽ പാത 160 കിലോമീറ്റർ
റോഡ് മാർഗം 153 കിലോമീറ്ററുണ്ട്.
കേരളം നിർദ്ദേശിക്കുന്ന സ്റ്റേഷനുകൾ
1)ബാലരാമപുരം
2)കാട്ടാക്കട
3)നെടുമങ്ങാട്
4)വെഞ്ഞാറമൂട് റോഡ്
5)കിളിമാനൂർ
6)അഞ്ചൽ
7)പുനലൂർ
8)പത്തനാപുരം
9)കോന്നി
10)പത്തനംതിട്ട
11)പെരിനാട് റോഡ്
12)അത്തിക്കയം
13)എരുമേലി
ഗുണങ്ങൾ
തലസ്ഥാനത്തെ ബന്ധിപ്പിച്ച് മൂന്നാം റെയിൽവേ ഇടനാഴി
വിഴിഞ്ഞത്തു നിന്ന് വടക്കോട്ടുള്ള ചരക്കുനീക്കം എളുപ്പമാവും
നിലവിലെ ലൈൻ ചരക്കുനീക്കത്തിന് മതിയാവില്ല
നെടുമങ്ങാട്ട് റെയിൽവേ കണക്ടിവിറ്റി
റെയിൽസാഗർ
തുറമുഖങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. 2100 കിലോമീറ്റർ റെയിൽട്രാക്ക് നിർമ്മിക്കും. തുറമുഖ സമ്പർക്ക ഇടനാഴിയാണ്.
Source link