ചെന്നു, കളിച്ചു, കീഴടക്കി
ന്യൂഡല്‍ഹി: ലോകകീരിടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിമിര്‍പ്പിലും രാജ്യത്തെ ശതകോടിക്കണക്കിനു ക്രിക്കറ്റ് ആരാധകരുടെ ഹൃദയമിടിപ്പുയര്‍ത്തി ഇതിഹാസ താരങ്ങളുടെ വിടവാങ്ങല്‍ പ്രഖ്യാപനം. രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍നിന്ന് ലോകക്രിക്കറ്റിലെ ഏറ്റവും പോരാട്ടവീര്യമുള്ള ബാറ്റർമാരായ കിംഗ് കോഹ്ലിയും ഹിറ്റ്മാന് രോഹിത് ശര്‍മയും ഒപ്പം രാജ്യത്തിന്റെ വിശ്വസ്ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂര്‍ത്തിയാക്കി ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡും പടിയിറങ്ങിയതോടെ അവശേഷിക്കുന്നതു കളിക്കളത്തിലെ ഒരായിരം വിജയനിമിഷങ്ങൾ. ഒരുദശകത്തിനപ്പുറം നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യ ലോകകീരിടത്തിൽ മുത്തമിട്ടതിന്റെ ആഘോഷങ്ങൾ തുടരുന്നതിനിടെയാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും പിന്നാലെ രവീന്ദ്ര ജഡേജയും ട്വന്റി-20 രാജ്യാന്തര മത്സരങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ മൂവരും തുടരും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ രോഹിത്തും ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ കോഹ്ലിയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജഡേജയും ഏതാനും സീസൺകൂടി തുടർന്നേക്കും. ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. വിരാട് കോഹ്ലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവരെയാണ് മോദി വിളിച്ചത്. സ്പോർട്സ് പേജ് കാണുക പാരിതോഷികം 125 കോടി മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ലോകകപ്പ് ജേതാക്കൾക്ക് ഐസിസിയുടെ പ്രൈസ്മണി 20.42 കോടി രൂപയാണ്. ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടിയും ലഭിക്കും.
Source link