KERALAMLATEST NEWS

കേരളത്തിലെ അടുത്ത നിയമസഭയിൽ ഒന്നിൽ കൂടുതൽ ബിജെപി അംഗങ്ങളുണ്ടാവും? തുടക്കം സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നിന്ന്

തിരുവനന്തപുരം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ പരമാവധി മുതലാക്കി കേരളത്തിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. കണ്ണൂരിലുൾപ്പടെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങൾ കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയുടെ ശ്രമം. ഓരോയിടത്തും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരേഒരു സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. അതിനെക്കാളേറെ സിപിഎമ്മിനെ ഞെട്ടിച്ചത് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കൂടിയതാണ്. ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമ്മടം, തളിപ്പറമ്പ് തുടങ്ങി പല സിപിഎം കോട്ടകളിലും ബിജെപി കൂട്ടിയത് നാലിരട്ടിയിലേറെ വോട്ടുകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബിജെപിക്ക് ബൂത്ത് കമ്മറ്റി പാേലുമില്ലാത്തിടത്തുപോലും മൂന്നക്ക വോട്ടുകൾ നേടാൻ അവർക്കായി. സിപിഎമ്മിനോടുള്ള ജനങ്ങളുടെ വിരോധമാണ് കാര്യമായ പ്രവർത്തനങ്ങൾ ഇല്ലാതെ തന്നെ ഇത്തരം സ്ഥലങ്ങളിൽ വോട്ടുകൂടാൻ ഇടയാക്കിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതിനാൽ തന്നെ ബോംബ് രാഷ്ട്രീയവും, സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്ക് മേലുള്ള ആരോപണങ്ങൾ മുതലെടുക്കാൻ തന്നെയാണ് ബിജെപിയുടെ ശ്രമം. സിപിഎമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യാതിരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുള്ള സിപിഎം പ്രാദേശിക നേതാക്കൾ തങ്ങളുടെ പാളയത്തിൽ എത്തുമെന്നും ബിജെപി കണക്കുകൂട്ടുന്നു. മുതിർന്ന നേതാക്കളായിരിക്കും സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തിക്കുക. പി കെ കൃഷ്ണദാസിനായിരിക്കും ഏകോപന ചുമതല എന്നാണ് റിപ്പോർട്ടുകൾ.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മാത്രമല്ല കേരളത്തിൽ തലസ്ഥാനജില്ലയുൾപ്പടെ ഒട്ടുമിക്കയിടങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. തോൽവിയെക്കുറിച്ച് സിപിഎം ജില്ലാ കമ്മറ്റികൾ നടത്തിയ വിലയിരുത്തലുകളെല്ലാം ബിജെപിയുടെ വളർച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്. സ്വയം വിമർശനമുണ്ടെങ്കിലും ബിജെപിയെ എങ്ങനെ തടയാം എന്നതിനെപ്പറ്റി സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ് പാർട്ടി നേതാക്കൾ ഉൾപ്പടെ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ കൂടുതൽ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനൊപ്പം കൂടുതൽ ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അടുത്തുതന്നെ നടക്കുന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ ഇതിന്റെ ടെസ്റ്റുഡോസായിരിക്കും. ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ച് പാലക്കാട് നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കാനായിരിക്കും ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം.


Source link

Related Articles

Back to top button