‘ബിജെപിയും സംഘപരിവാരും പിന്തുടരുന്ന വിഭാഗീയ രാഷ്‌ട്രീയത്തിന്റെ ഭാഗം’, പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മോദിക്കും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കർ ആക്കാത്ത നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു കരുതേണ്ടി വരും. ജനങ്ങൾ തിരിച്ചടി നൽകിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബി.ജെ.പിയുടെ അവഗണനയും അവഹേളനവുമാണ്. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പിക്കർ ആക്കാൻ തയ്യാറാവാത്ത നടപടി മോദി സർക്കാരിന്റെ ഏകാധിപത്യ സ്വഭാവം തുറന്ന് കാട്ടുന്നതെന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും യോഗ്യനായ ഒരു വ്യക്തിയെ മാറ്റി നിർത്തി ഇഷ്ടക്കാരനായ ഒരാളെ പ്രോ ടേം സ്പീക്കർ ആക്കിയത് മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ട് തുടങ്ങിയെന്നതിന് തെളിവാണ്. എട്ട് തവണ പാർലമെന്റിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിലാണ് പ്രോടേം സ്വീക്കറാവാൻ ഏറ്റവും യോഗ്യൻ. പിന്നോക്ക വിഭാഗത്തിൽപ്പെട്ട നേതാവെന്ന പ്രത്യേകതയുമുണ്ട്. പിന്നോക്കകാരുടെ സർക്കാരെന്ന് വീമ്പിളെക്കുന്ന മോദി സർക്കാരിന്റെ യഥാർത്ഥ ഫാസിസ്റ്റ് മുഖമാണിതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു
Source link