KERALAMLATEST NEWS

തൃശൂരിൽ ബി ജെ പിയെ ജയിപ്പിച്ചത് സി പി എം,​ മുഖ്യമന്ത്രി തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ മുരളീധരൻ

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയെ വിജയിപ്പിച്ചത് സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. സി.പി.എമ്മിന്റെ ഉദ്യോഗസ്ഥർ 5600 വോട്ട് ബി.ജെ.പിക്ക് ചേർത്തുകൊടുത്തുവെന്നും മുരളീധരൻ ആരോപിച്ചു. കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പിക്ക് വോട്ട് ചേർത്ത് കൊടുത്തത്. ഇ.ഡി അന്വേഷണം നേരിടുന്ന എം.കെ. കണ്ണനെ ചെയർമാനാക്കിയാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബി.ജെ.പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി.ജെ.പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വം ഉള്ളിടത്തോളം കാലം സി.പി.എം കേരളത്തിൽ രക്ഷപ്പെടില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

ടി.പി കേസിൽ ഒരു പ്രതിയേയും രക്ഷപ്പെടാൻ യു.ഡി.എഫ് അനുവദിക്കില്ല. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് ട്രെന്റിലാണ് കേരളത്തിൽ യു.ഡി.എഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്ന് പഠിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 2019ൽ ഇതിനെക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തോറ്റു. ലോ‌ക്സഭാ തിരഞ്ഞെടുപ്പിലെ വിജയം പഠിച്ച് ഈ നേട്ടം അടുത്ത് തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button