KERALAMLATEST NEWS

ലോക്‌സഭാ സ്ഥാനാർത്ഥിത്വം , ഇന്ത്യാ സഖ്യത്തിൽ അതൃപ്തി, മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് തൃണമൂൽ

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഇന്ത്യാ സഖ്യത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്. മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകപക്ഷീയമായി കൊടിക്കുന്നിൽ സുരേഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി തീരുമാനിച്ചെന്നാണ് വിമർശനമുയരുന്നത്.

എന്നാൽ അവസാന നിമിഷത്തെ തീരുമാനമാണിതെന്നും സമയപരിധി അവസാനിക്കുന്നതിന് 10 മിനിട്ട് മുൻപ് മാത്രമാണ് തീരുമാനമെടുത്തതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. പിന്തുണ തേടി കൊടിക്കുന്നിൽ സുരേഷ് തൃണമൂൽ കോൺഗ്രസിനെ ബന്ധപ്പെട്ടിരുന്നതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകുക എന്ന കാലങ്ങളായുള്ള കീഴ്‌വഴക്കം പാലിക്കണമെന്ന് സമവായ ചർച്ചകൾക്കെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ് നാഥ് സിംഗ് ഇക്കാര്യത്തിൽ ഉറപ്പു നൽകാതിരുന്നതോടെയാണ് സമവായ സാദ്ധ്യത അടഞ്ഞത്.

കൊടിക്കുന്നിൽ സുരേഷ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ വിവരം ടിവിയിലൂടൊണ് അറിഞ്ഞതെന്നും തൃണമൂൽ കോൺഗ്രസുമായി ആരും ചർച്ച ചെയ്തില്ലെന്നും ടി.എം.സി നേതാവ് സുദീപ് ബന്ദോപാദ്ധ്യായ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസാണ് വിശദീകരിക്കേണ്ടത്. അവർക്കാണ് ഇതേപ്പറ്റി കൂടുതലായി അറിയുക എന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്നത് പാർട്ടിയിൽ ആലോചിച്ച് തീരുമാനിക്കും. അതാണ് പാർട്ടിതീരുമാനമെന്നും സുദീപ് ബന്ദോപാദ്ധ്യായ വ്യക്തമാക്കി.

നാളെയാണ് ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. എൻ.ഡി.എയുടെ ഓം ബിർളയും പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നിൽ സുരേഷുമാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.


Source link

Related Articles

Back to top button