ഇന്ത്യ വിജയിച്ചപ്പോഴും വാമികയുടെ ആശങ്ക അതായിരുന്നു: അനുഷ്ക ശർമ
ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് താരം അനുഷ്‌ക ശർമ. മകൾ വാമികയുടെ വാക്കുകള്‍ പങ്കുവച്ചാണ് ഇന്ത്യൻ ടീമിനും ഭർത്താവ് വിരാട് കോലിക്കും ആശംസയുമായി അനുഷ്ക എത്തിയത്. കിരീടം സ്വന്തമാക്കിയ ഇന്ത്യ ടീമിന്റെ വികാര പ്രകടനങ്ങൾക്ക് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. ഇത്തരമൊരു വൈകാരിക സമയത്ത് താരങ്ങളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോ എന്നതായിരുന്നു വാമികയുടെ ആശങ്കയെന്ന് അനുഷ്‌ക പറയുന്നു.
‘‘കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ നമ്മുടെ മകളുടെ ഏറ്റവും വലിയ ആശങ്ക. ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യൻ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അദ്ഭുതകരമായ വിജയം. ഐതിഹാസിക നേട്ടം. ചാമ്പ്യന്മാർ. അഭിനന്ദനങ്ങൾ.’’ അനുഷ്‌ക കുറിച്ചു.
ലോകകപ്പ് ട്രോഫിയുമായുള്ള വിരാട് കോലിയുടെ ചിത്രത്തോടൊപ്പം മറ്റൊരു പോസ്റ്റും അനുഷ്ക പങ്കുവച്ചു. കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ, തന്റെ വീടെന്നാണ് പ്രിയതമനെ അനുഷ്ക വിശേഷിപ്പിച്ചത്. “ഞാന്‍ ഇയാളെ സ്‌നേഹിക്കുന്നു. നിങ്ങളെ എന്റെ വീടെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്.’’–അനുഷ്കയുടെ വാക്കുകൾ.
ഐതിഹാസിക വിജയത്തിനു പിന്നാലെ അനുഷ്കയുമായി വിഡിയോ കോളിൽ സംസാരിക്കുന്ന കോലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
English Summary:
Anushka Sharma reveals Vamika’s ‘biggest concern’ after India wins T20 World Cup
Source link