KERALAMLATEST NEWS

ക്യാൻസർ രോഗിയായ അമ്മയെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അറസ്റ്റിലായ സതീഷ്

ചെറുപുഴ(കണ്ണൂർ): ക്യാൻസർ രോഗിയായ അമ്മയെ കഴുത്തു ഞെരിച്ചും ഭിത്തിയിൽ തലയടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറുപുഴ ഭൂദാനത്ത് കോട്ടയിൽ സതീഷാണ് (34)​ അറസ്റ്റിലായത്. മാതാവ് നാരായണി (68)​ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. സതീഷ് അമ്മയുടെ വായിൽ തുണി തിരുകിയശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് സതീഷ് അയൽക്കാരെയും ബന്ധുക്കളെയും അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. ബോധരഹിതയായ അമ്മ മരിച്ചുവെന്നാണ് സതീഷ് കരുതിയത്. ഓടിയെത്തിയ അയൽവാസികൾ നാരായണിയെ ആശുപത്രിയിൽ എത്തിച്ചു.

ബോധം വീണപ്പോൾ നാരായണിയാണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ച വിവരം അറിയിച്ചത്. ചെറുപുഴ എസ്.എച്ച്.ഒ ടി.പി. ദിനേശന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്യാൻസർ രോഗിയായ അമ്മ കാരണം തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്നുമാണ് സതീഷ് പൊലീസിന് നൽകിയ മൊഴി.

നാരായണിയുടെ ഭർത്താവ് ഗുരുക്കൾ കൃഷ്ണൻ കഴിഞ്ഞ വർഷം മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ സതീഷിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇയാളുടെ മദ്യപാനശീലത്തെ തുടർന്ന് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലാണ് താമസം.


Source link

Related Articles

Back to top button