ബാർബഡോസ്: ഹൃദയങ്ങളെ ത്രസിപ്പിച്ച, ഇരിപ്പിടങ്ങളിൽ തീ പടർത്തിയ സൂപ്പർ ത്രില്ലർ ഫൈനലിൽ ടീം ഇന്ത്യയുടെ ലോക കിരീടധാരണം. നീണ്ട 11 വർഷത്തെയും, അഞ്ച് ഫൈനൽ തോൽവികളുടെയും അവസാനം ഇന്ത്യൻ ടീമിന്റെ തിരുനെറ്റിയിൽ ലോക കിരീടത്തിന്റെ കൊടിക്കൂറ! ഐസിസി 2024 ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിനു കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായി. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. തുടർന്ന് പന്ത് കൈയിലെടുത്ത ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ എട്ട് വിക്കറ്റിന് 169 റൺസ് എടുക്കാനേ അനുവദിച്ചുള്ളൂ. അവസാന 30 പന്തിൽ 30 റൺസ് മതിയായിരുന്ന ദക്ഷിണാഫ്രിക്കയുടെ നിർണായക വിക്കറ്റുകൾ പിഴുത് ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചത്. 17, 20 ഓവറുകളുടെ ആദ്യ പന്തു കളിൽ നങ്കൂരമിട്ട ഹെൻറിച്ച് ക്ലാസനെയും (27 പന്തിൽ 52) ഡേവിഡ് മില്ലറെയും (17 പന്തിൽ 21) ഹാർദിക് പുറത്താക്കിയതാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. വിരാട് കോഹ്ലി(59 പന്തിൽ 76), അക്സർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ ഇന്നിംഗുകളാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 2013 ചാമ്പ്യൻസ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ഐസിസി കിരീടമാണ്. 2007നു ശേഷം രണ്ടാം ട്വന്റി-20 ലോകകപ്പും.
Source link