കൊതിപ്പിച്ച് കൊഴിഞ്ഞ് മാമ്പൂ : മാംഗോസിറ്റിക്ക് നഷ്ടം 390 കോടി

മാർക്കറ്റിലെത്തിക്കാൻ മാമ്പഴം പാക്ക് ചെയ്യുന്നു
പാലക്കാട്: മാമ്പൂ കണ്ട് കർഷകരും കൊതിക്കരുതെന്ന് ഓർമ്മിപ്പിച്ച ഈ മാമ്പഴക്കാലത്ത് മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ!. രാജ്യത്ത് ആദ്യം മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയിലെ കർഷകർക്ക് ഏറ്റവും വില കിട്ടുന്ന ജനുവരി, ഫെബ്രുവരിയിൽ ഇത്തവണ ലഭിച്ചത് 10 ശതമാനം മാങ്ങ മാത്രമാണ്.
ഉഷ്ണതരംഗവും കാലംതെറ്റിയ മഴയും കാരണം ഈ സീസണിലെ മൊത്തം മാങ്ങ ഉത്പാദനം 40 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സമയത്ത് 60ശതമാനം മാങ്ങ കുറഞ്ഞു. മികച്ച ഉത്പാദനം നടക്കുമ്പോൾ മാംഗോസിറ്റിയുടെ വിറ്റുവരവ് 650 കോടിയോളമാണ്.
മഴ വൈകിയതിനാൽ മാവ് പൂവിടാൻ രണ്ടുമാസം വൈകി. മാമ്പൂ വന്ന് 90 ദിവസം കഴിഞ്ഞാണ് വിളവെടുപ്പ്. 60 ദിവസത്തോളം മുതലമടയിൽ ചൂട് 40 ഡിഗ്രി ആയിരുന്നു. കൊടുംവെയിലിൽ ഉണ്ണിമാങ്ങകൾ കൊഴിഞ്ഞു. കൊഴിച്ചിൽ തടയാൻ മൈക്രോ ന്യൂട്രിയന്റും വെള്ളവും കൃത്യമായി നൽകണം. ജലക്ഷാമം രൂക്ഷമായതിനാൽ ജലസേചനവും നടന്നില്ല. ഇത് ഉത്പാദനത്തിനൊപ്പം മാങ്ങയുടെ വലിപ്പവും ഗുണവും കുറച്ചു.
മുതലമടയിലെ മാങ്ങയ്ക്ക് ഗുണമേന്മ കുറവുണ്ടെന്ന പ്രചാരണം മൂലം ഉത്തരേന്ത്യൻ കച്ചവടക്കാർ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് തുടങ്ങിയിടങ്ങളിലേക്ക് പോയി. അതോടെ മുൻ വർഷങ്ങളിലെ വിലയും ലഭിച്ചില്ല.
10,000 ഏക്കറിലെ കൃഷി
മുതലമടയിലും പരിസര പഞ്ചായത്തുകളായ കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നിവിടങ്ങളിലുമായി 10,000 ഏക്കറിലാണ് മാവ് കൃഷി. ഒരേക്കറിൽ 80 മാവ്. ആകെ എട്ടുലക്ഷം മാവ്.
അൽഫോൺസ, ബങ്കനപ്പളി, ശെന്തൂരം, കാലാപാടി തുടങ്ങി ഏറ്റവും മുന്തിയവയും നാടനും ഉൾപ്പെടെ മുപ്പത്തഞ്ചോളം ഇനം. കർഷകരും വ്യാപാരികളും തൊഴിലാളികളുമായി പതിനായിരത്തിലേറെ പേരുണ്ട്.
സീസണായ ജനുവരി – മേയ് കാലത്ത് മാങ്ങ കയറ്റുമതിക്കായി തരംതിരിക്കുന്ന ഇരുനൂറ്റമ്പതോളം സംഭരണ കേന്ദ്രങ്ങളുണ്ട്. 15 കോടിയിലധികം വിറ്റുവരവുണ്ടാക്കുന്ന ഇരുപത്തഞ്ചിലേറെ സംഭരണ കേന്ദ്രങ്ങൾ മുതലമടയിൽ മാത്രം ഉണ്ടായിരുന്നു. മറ്റു കേന്ദ്രങ്ങളിൽ 50 ലക്ഷം മുതൽ 8 കോടി വരെ വിറ്റുവരവ് ലഭിച്ചിരുന്നു. ഇത്തവണ ഉത്പാദനം കുറഞ്ഞതോടെ എല്ലായിടത്തും നഷ്ടമാണ്.
തിരിച്ചടി പലവിധം
മാവ് പൂക്കുന്ന ഒക്ടോബർ, നവംബറിലെ മഴ കീടബാധയുണ്ടാക്കി.
കാലാവസ്ഥാവ്യതിയാനം ഇലപ്പേൻ ശല്യം രൂക്ഷമാക്കി.
മൂന്നു തവണ മാമ്പൂ കൊഴിഞ്ഞത് മാങ്ങ കുറയാൻ കാരണമായി.
കീടനാശിനി, വളം വിലക്കയറ്റം ചെലവു കൂട്ടി.
വലിപ്പംകുറഞ്ഞ മാങ്ങ അച്ചാർ നിർമ്മാണത്തിന് നൽകേണ്ടിവന്നു
Source link