എൻജിനിയറിംഗ് എൻട്രൻസ് ഇനി രണ്ട് തവണ

തിരുവനന്തപുരം: ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും എൻജിനിയറിംഗ് പ്രവേശനത്തിന് നടത്തുന്ന ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയിൽ സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയും (കീം) അടുത്ത വർഷം മുതൽ രണ്ട് തവണ നടത്തും. ഏതെങ്കിലും ഒന്നുമാത്രമായോ, രണ്ടും കൂടിയോ എഴുതാം. ആദ്യത്തേതിന് അപേക്ഷിച്ചിട്ട് എഴുതാൻ കഴിയാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാം. സ്കോർ മെച്ചപ്പെടുത്താനും എഴുതാം.

ഉയർന്ന സ്കോറോ രണ്ട് പരീക്ഷകളിലെ സ്കോറിന്റെ ശരാശരിയോ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. ഏത് വേണമെന്ന് ഓപ്ഷൻ നൽകണം.

ജെ.ഇ.ഇയ്ക്ക് പുറമേ, ബിരുദ ദേശീയ പ്രവേശനപരീക്ഷയും പി.ജി നീറ്റും രണ്ടു തവണ നടത്തുന്നുണ്ട്. രണ്ട് അവസരമുള്ളതിനാൽ കുട്ടികളിലെ മാനസിക സംഘർഷം ഇല്ലാതാവും.

ജൂണിൽ കൗൺസലിംഗ് പൂർത്തിയാക്കി ക്ലാസ് തുടങ്ങാൻവേണ്ടി എൻട്രൻസ് പരീക്ഷ അടുത്തവർഷം നേരത്തേയാക്കും. നടപടികൾ സെപ്തംബറിലേ തുടങ്ങും. ജനുവരിയിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓൺലൈനായി പരീക്ഷ നടത്തും. ജൂൺ പകുതിയോടെ ക്ലാസ് തുടങ്ങും.

മറ്റ് എൻട്രൻസ് പരീക്ഷകളെക്കാൾ മുൻപ് നടപടികൾ പൂർത്തിയാക്കുന്നതിനാൽ കൂടുതൽ വിദ്യാർത്ഥികളെ ഇവിടെ പിടിച്ചുനിറുത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയറുപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയ്ക്ക് അടുത്തവർഷം കൂടുതൽ കേന്ദ്രങ്ങളുണ്ടാവും. സംസ്ഥാനത്ത് 198, മുംബയ്, ദുബായ്, ഡൽഹി എന്നിവിടങ്ങളിൽ 4 സെന്ററുകളിലാണ് ഇത്തവണ പരീക്ഷ നടത്തിയത്.

അടുത്തതവണ സെന്ററുകൾ കൂടും. 10 സ്കോറെങ്കിലും നേടാത്തവരെ എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. പട്ടികവിഭാഗക്കാർക്ക് ഇത് ബാധകമല്ല.

1,13,447

കുട്ടികളാണ് ഇത്തവണ

എൻട്രൻസെഴുതിയത്


Source link
Exit mobile version