ബാർബഡോസ്: വിശ്വം ജയിച്ച് ഇന്ത്യ. 17 വർഷത്തിനുശേഷം ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. കൂടാതെ 2013നുശേഷം ഐസിസി ടൂർണമെന്റിൽ ഇന്ത്യ നേടുന്ന ആദ്യത്തെ ട്രോഫിയാണ്. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനു തകർത്താണ് ഒരു ഘടത്തിൽ കളി കൈവിട്ടെന്നു തോന്നിച്ച ഇന്ത്യ കിരീടം ചൂടിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയെ വേണ്ട സമയത്ത് ബാറ്റിംഗിൽ താളം കണ്ടെത്തിയ വിരാട് കോഹ് ലിയുടെ പോരാട്ട മികവിൽ20 ഓവറിൽ ആറു വിക്കറ്റിന് 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ടുവിക്കറ്റിന് 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ കോഹ് ലി (76), അക്സർ പട്ടേൽ (47) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു പൊരുതാനുള്ള സ്കോർ നൽകിയത്. സ്കോർ ബോർഡിൽ 34 റണ്‍സുള്ളപ്പോൾ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. 4.3 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 34 എന്ന നിലയിൽ തകർച്ചയെ നേരിടുകയായിരുന്നു. ഈ ഘട്ടത്തിലാണ് സ്ഥാനക്കയറ്റം നേടിയെത്തിയ അക്സർ പട്ടേൽ കോഹ് ലിയുമായി ചേർന്നുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചത്. നാലു സിക്സുകളും ഒരു ഫോറുമായി ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തോട് മറുപടി നല്കി. ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 പന്തിൽ നേടിയ 72 റണ്‍സിൽ 47 റണ്‍സും പട്ടേലിന്റെ ബാറ്റിൽ നിന്നായിരുന്നു. എന്നാൽ 14-ാം ഓവറിന്റെ മൂന്നാം പന്തിൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ പട്ടേൽ പുറത്തായി. ശിവം ദുബെ, കോഹ് ലിയുമായി ചേർന്ന് അർധ സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. 33 പന്തിൽ 57 റണ്‍സാണ് ഈ സഖ്യം നേടിയത്. 19-ാം ഓവറിൽ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ കോഹ് ലി മാർകോ ജാൻസന്റെ പന്തിൽ കാഗിസോ റബാദയ്ക്കു ക്യാച്ച് നൽകി. 59 പന്തിൽ 76 റണ്‍സ് നേടിയ കോഹ്ലിയുടെ ബാറ്റിൽനിന്ന് ആറു ഫോറും രണ്ടു ഫോറുമാണ് പിറന്നത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് കാര്യമായി റണ്‍സ് നേടാനായില്ല, രണ്ടു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. തുടക്കം തകർന്നു, ഞെട്ടിച്ചു മറുപടി ബാറ്റിംഗിൽ 12 റണ്‍സിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്വിന്റണ്‍ ഡി കോക്കും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. 58 റണ്‍സ് ഈ കൂട്ടുകെട്ടിൽ പിറന്നു. സ്റ്റബ്സിനെ (31) ക്ലീൻബൗൾഡാക്കി പട്ടേൽ സഖ്യം പൊളിച്ചു. ഡി കോക്കും ക്ലാസനുമായുള്ള കൂട്ടുകെട്ട് 36 റണ്‍സ് വരെയെ നീണ്ടുള്ളൂ. പിന്നീടാണ് ഇന്ത്യയെ പേടിപ്പിച്ച കൂട്ടുകെട്ട്. ഡേവിഡ് മില്ലറും ക്ലാസനു ആക്രമിച്ചു കളിച്ചതോടെ ഇന്ത്യ കളി കൈവിട്ടെന്നു തോന്നി. ഈ സഖ്യം പൊളിഞ്ഞതോടെ ഇന്ത്യ ജയത്തോട് അടുത്തു തുടങ്ങി.
Source link