ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും

ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. കഴിഞ്ഞദിവസം നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ പരിഷ്കരണവാദിയായ മസൂദ് പസെഷ്കിയാനും തീവ്ര നിലപാടുകാരനായ സയീദ് ജലീലിയും ജൂലൈ അഞ്ചിന് വീണ്ടും ഏറ്റുമുട്ടും. വോട്ടർമാർ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ പോളിംഗ് നിരക്ക് 40 ശതമാനം മാത്രമായിരുന്നു. ഒന്നാം ഘട്ടത്തിൽ ആറു സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ആർക്കും അന്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാനായില്ല. ആകെ പോൾ ചെയ്ത വോട്ടുകളുടെ 42.5 ശതമാനം പസെഷ്കിയാനും 38.6 ശതമാനം ജലീലിയും നേടി. മുൻ ആരോഗ്യമന്ത്രിയും ഹാർട്ട് സർജനുമായ പസെഷ്കിയാൻ ഉപരോധങ്ങളിൽനിന്ന് ഇറാനെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. വൻ ശക്തികളുമായുള്ള ആണവകരാർ പുനഃസ്ഥാപിക്കുമെന്നും ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അന്തരമില്ലാതാക്കുമെന്നും പറയുന്നു. ഇറാനിലെ കുപ്രസിദ്ധമായ മതപോലീസിനെക്കുറിച്ച് പസെഷ്കിയാന് മതിപ്പില്ല. പരിഷ്കരണവാദികളും മുൻ പ്രസിഡന്റുമാരുമായ ഹസൻ റൂഹാനിയും മുഹമ്മദ് ഖത്തമിയും പസെഷ്കിയാനെ പിന്തുണയ്ക്കുന്നു. ആണവചർച്ചകളിൽ ഇറാനെ പ്രതിനിധീകരിച്ചിരുന്ന ജലീലി നിലവിൽ ദേശസുരക്ഷ കൈകാര്യം ചെയ്യുന്ന സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ അംഗമാണ്. വർഷങ്ങളായി ഇറാനെ ഗ്രസിച്ചിരിക്കുന്ന പണപ്പെരുപ്പ പ്രതിസന്ധി പരിഹരിക്കുമെന്നും അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. അതേസമയം, പാശ്ചാത്യശക്തികളോടുള്ള ഇറാന്റെ സമീപനം കൂടുതൽ കാർക്കശ്യമാക്കണം എന്നാണ് ജലീലിയുടെ നിലപാട്. 1979ൽ ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമായശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളും പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന സർക്കാർ സമീപനവുമാണ് വോട്ടർമാരെ പിന്തിരിപ്പിച്ചതെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി മേയ് 19ന് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്.
Source link