CINEMA

അന്ന് ‘ചെമ്മീൻ’, ഇന്ന് ‘കൽക്കി’; എന്റെ വേല തുടങ്ങുന്നത് രണ്ടാം ഭാഗത്തിൽ: കമൽഹാസൻ പറയുന്നു

അന്ന് ‘ചെമ്മീൻ’, ഇന്ന് ‘കൽക്കി’; എന്റെ വേല തുടങ്ങുന്നത് രണ്ടാം ഭാഗത്തിൽ: കമൽഹാസൻ പറയുന്നു | Kamal Haasan Kalki 2898AD

അന്ന് ‘ചെമ്മീൻ’, ഇന്ന് ‘കൽക്കി’; എന്റെ വേല തുടങ്ങുന്നത് രണ്ടാം ഭാഗത്തിൽ: കമൽഹാസൻ പറയുന്നു

മനോരമ ലേഖകൻ

Published: June 29 , 2024 01:35 PM IST

1 minute Read

കമൽഹാസൻ

‘കൽക്കി’യിലെ പ്രതിനായകൻ സുപ്രീം യാസ്കിന്റെ വേഷപ്പകർച്ച പ്രേക്ഷകർ കാണാനിരിക്കുന്നതേയുള്ളൂവെന്ന് കമൽഹാസൻ. ചിത്രത്തിൽ ഏതാനും മിനിറ്റുകൾ മാത്രം പ്രത്യക്ഷപ്പെടുന്ന കമൽഹാസന്റെ സുപ്രീം യാസ്കിന് വൻ ജനപ്രീതിയാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. അടുത്ത ഭാഗത്തിലാകും ആ കഥാപാത്രത്തിന്റെ വിളയാട്ടം പ്രേക്ഷകർ ശരിക്കും അനുഭവിക്കുകയെന്ന് കമൽഹാസൻ വെളിപ്പെടുത്തി. ചെന്നൈയിൽ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം. 
“കൽക്കിയിൽ വളരെ കുറച്ചു മിനിറ്റുകൾ മാത്രമെ എന്റെ കഥാപാത്രം വരുന്നുള്ളൂ. സിനിമയിലെ എന്‍റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ. രണ്ടാം ഭാഗത്തിൽ എനിക്ക് കൂടുതൽ ചെയ്യാനുണ്ട്. സാധാരണ ഒരു സിനിമാപ്രേക്ഷകനെന്ന നിലയിലാണ് ഞാൻ സിനിമ കണ്ടത്. ശരിക്കും അദ്ഭുതപ്പെട്ടു,” കമൽഹാസൻ പറഞ്ഞു. 

ഇന്ത്യൻ മിത്തോളജിയെ ബ്രില്യന്റായി ഉപയോഗപ്പെടുത്തിയ സിനിമയാണ് കൽക്കിയെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. “ഇന്ത്യൻ സിനിമ ലോകസിനിമാ ഭൂപടത്തിലേക്ക് നീങ്ങുന്നതിന്റെ പല സൂചനകളും ഈയടുത്ത കാലത്ത് നമ്മൾ കണ്ടു. നാഗ് അശ്വിന്റെ കൽക്കി അതിലൊന്നാണ്. മതപരമായ പക്ഷപാതമില്ലാതെ ഇന്ത്യൻ മിത്തോളജിയെ സയൻസ് ഫിക്ഷന്റെ പശ്ചാത്തലത്തിൽ ബുദ്ധിപരമായി നാഗ് അശ്വിൻ കൈകാര്യം ചെയ്തു. ഇതുപോലൊരു വിഷയം ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് നാഗ് അശ്വിൻ സിനിമയിലേക്ക് പകർത്തിയത്. ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഈ കൂട്ടുകെട്ട് ഇനിയും തുടരും എന്നതിൽ സന്തോഷമുണ്ട്,” കമൽഹാസൻ വ്യക്തമാക്കി. 
“മിത്തോളജി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടില്ല. മനുഷ്യർക്കൊപ്പം ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഇതൊരു ഭക്തി സിനിമ ആകാതെ യുക്തിസഹമായാണ് നാഗ് അശ്വിൻ കൽക്കി ഒരുക്കിയിരിക്കുന്നത്,” കമൽഹാസൻ ചൂണ്ടിക്കാട്ടി.   

“നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ കാണും. എന്റെ ചെറുപ്പകാലത്ത് ‘ചെമ്മീൻ’ എന്ന ചിത്രം മൊഴിമാറ്റം പോലും ചെയ്യാതെ, സബ്ടൈറ്റിൽ പോലും ഇല്ലാതെ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. ഞാനൊക്കെ രണ്ടു തവണ പോയി ആ സിനിമ കണ്ടിട്ടുണ്ട്. അതെന്തിനു കണ്ടു എന്നു ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ അറിയില്ല. ചെന്നൈയിൽ എല്ലാവരും ആ സിനിമ പോയി കണ്ടിരുന്നു. നൂറിലധികം ദിവസം ആ സിനിമ ചെന്നൈയിൽ ഓടി. സിനിമയ്ക്ക് പ്രത്യേകിച്ച് ഒരു ഭാഷ ഇല്ല. അതിന് അതിന്റേതായ ഒരു ഭാഷയുണ്ട്. അത് കൽക്കിയിൽ അനുഭവിക്കാം,” കമൽഹാസൻ പറഞ്ഞു. 
ചിത്രത്തിൽ അശ്വത്ഥാത്മാവ് ആയെത്തിയ അമിതാഭ് ബച്ചന്റെ പ്രകടനത്തെയും കമൽ അഭിനന്ദിച്ചു. “അദ്ദേഹത്തെ മുതിർന്ന നടനെന്നോ പുതിയ നടനെന്നോ വിളിക്കണോ എന്ന് എനിക്കറിയില്ല. അത്ര നന്നായി അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്,”– കമലിന്റെ വാക്കുകൾ. 

ഈ സിനിമയിൽ ഒപ്പു വയ്ക്കാൻ കമൽഹാസൻ ഒരു വർഷമെടുത്തുവെന്ന് നേരത്തെ നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങിൽ ഏറെ ബുദ്ധിമുട്ടിയത് കമൽഹാസന്റെ ഒരു സമ്മതം കിട്ടാനായിരുന്നുവെന്നാണ് സിനിമയുടെ പ്രി–റിലീസ് ചടങ്ങിൽ നിർമാതാക്കളിലൊരാളായ സ്വപ്ന ദത്ത് പറഞ്ഞത്. എന്തായാലും, കമൽഹാസന്റെ സാന്നിധ്യം കൽക്കി യൂണിവേഴ്സിനെ ശക്തമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.  

English Summary:
Kamal Haasan on his limited screen time in Kalki 2898 AD

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan 7truhnqvgn8v0svla8htoamd7c


Source link

Related Articles

Back to top button