വടകരയിലെ സൈബർ പോര് നിയമസഭയിലും
തിരുവനന്തപുരം: വടകര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എൽ.ഡി.എഫ് -യു.ഡി.എഫ് സൈബർ പോര് നിയമസഭയിലും വാക്പോരിന് വഴി വച്ചു. മാത്യു കുഴൽനാടന്റെ ചോദ്യത്തോടെയാണ് ബഹളം തുടങ്ങിയത്. കെ.കെ ശൈലജയ്ക്കെതിരയായ സൈബർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.
സി.പി.എമ്മിന്റെ മുൻ എം.എൽ.എ കെ.കെ ലതിക ഉൾപ്പടെയുള്ളവർ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കാസിമിന്റെ പേരിൽ സമൂഹമാദ്ധ്യമം വഴി വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിലെ അന്വേഷണത്തെക്കുറിച്ചായിരുന്നു മാത്യുവിന്റെ ചോദ്യം. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്കിനോട് , പ്രൊഫൈൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി.താൻ ചോദിച്ചത് കേസിൽ എഫ്.ഐ.ആർ
ഇട്ടോ, പ്രതികൾ ആരൊക്കെയാണ് എന്നാണെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. ഇതിനിടെയാണ് വി.ജോയിയുടെ മറു ബോംബ്.യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിന്റെ പുരോഗതി എന്തെന്നായിരുന്നു വി.ജോയിയുടെ ചോദ്യം. .ഇതോടെ ,യു.ഡി.എഫ് അംഗങ്ങൾ ബഹളുമുണ്ടാക്കി.ഇപ്പോ പൊള്ളുന്നുണ്ടോയെന്ന് വി.ജോയ് ചോദിച്ചതോടെ, ഇരുപക്ഷവും നേർക്കുനേർ പോരായി. മന്ത്രി മറുപടി പറയാൻ ആരംഭിച്ചതോടെ യു.ഡി.എഫ് അംഗങ്ങൾ സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിഷേധവുമായെത്തി. കോട്ടയം കുഞ്ഞച്ചനെന്ന ഫെയ്സ്ബുക്ക് ഐ.ഡിയിൽ നിന്ന് താനും ആക്രമണം നേരിട്ടെന്ന് യു.പ്രതിഭ പറഞ്ഞപ്പോഴും കോൺഗ്രസ് ബഹളം തുടർന്നു.കോട്ടയം കുഞ്ഞച്ചന്മാരുടെ വലിയച്ഛന്മാരെ കുറിച്ച് പറയിപ്പിക്കരുതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷത്തെ നോക്കി പറഞ്ഞു. മന്ത്രിയും ഭരണപക്ഷവും സഭയെ ദുരുപയോഗപ്പെടുത്തുകയാണെന്നും, ചെയർ അതിന് കൂട്ട് നിൽക്കുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം.
Source link