വികസനത്തിന് മാസ്റ്റർ പ്ളാൻ: ഒരു കോടി യാത്രക്കാർക്കായി തിരുവനന്തപുരം എയർപോർട്ട്

തിരുവനന്തപുരം: പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മൾട്ടി നാഷണൽ കമ്പനിയെ അദാനിഗ്രൂപ്പ് ചുമതലപ്പെടുത്തി.നിലവിൽ ടെർമിനലിന്റെ ശേഷി 32 ലക്ഷം മാത്രമാണ്.

വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. അന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശന കവാടത്തിന് സമീപത്താവും പുതിയ എയർ ട്രാഫിക് കൺട്രോൾ.

വികസിത രാജ്യങ്ങളിലേതുപോലെ റൺവേ പുതുക്കിപ്പണിയും. 15 വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകാത്ത തരത്തിലാണിത്. 3373 മീറ്റർ നീളവും 150 അടിവീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ.

അന്താരാഷ്ട്ര ടെർമിനലിന് മുന്നിലായി 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലും വരുന്നുണ്ട്. യാത്രക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമാവും.

വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാരെ താമസിപ്പിക്കാനുമാവും.

ആകാശ എയർലൈൻസടക്കം പുതിയ സർവീസുകൾ വരുന്നുണ്ട്. തിങ്കളാഴ്ച മുതൽ എയർഇന്ത്യ ബംഗളുരു സർവീസ് തുടങ്ങുന്നു. ആഭ്യന്തര യാത്രക്കാരാണ് ഇവിടെ കൂടുതൽ.

രാജ്യാന്തര ടെർമിനൽ വിപുലീകരണത്തിനു ശേഷം ശംഖുംമുഖത്തെ ആഭ്യന്തര സർവീസുകൾ അവിടേക്ക് മാറ്റും. 2027ൽ ആഭ്യന്തര ടെർമിനൽ പൊളിക്കും.

മൂന്നു വർഷം, 2000കോടി

1. മൂന്നുവർഷം കൊണ്ട് 2000കോടിയുടെ വികസനമാണ് നടപ്പാക്കുക. ടെർമിനൽ വിപുലീകരണം, പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, റൺവേ റീ-കാർപ്പറ്റിംഗ് എന്നിവയടക്കം 1200കോടിയുടെ പദ്ധതികൾക്ക് എയർപോർട്ട്സ് എക്കണോമിക് റഗുലേറ്ററി അതോറിട്ടി (എയ്‌റ) അനുമതി നൽകി.

2. യാത്ര പുറപ്പെടുന്നതും വരുന്നതുമായ ടെർമിനലുകൾ രണ്ട് നിലകളിലാവും. ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ- കസ്റ്റംസ്- ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും. ലോഞ്ചുകൾ വലുതാക്കും. മൾട്ടി ലവൽ കാർ പാർക്കിംഗും വരും.

3. കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതിയൊഴിവാക്കും.

യാത്രക്കാർ 50 ലക്ഷത്തിലേക്ക്

50 ലക്ഷം:

ഈ വർഷം

പ്രതീക്ഷിക്കുന്നത്

44 ലക്ഷം:

2023ഏപ്രിൽ- 2024മാർച്ച് വരെ

34 ലക്ഷം

2022 ഏപ്രിൽ- 2023മാർച്ച് വരെ

4.44 ലക്ഷം

2024 മേയ് മാസത്തെ

യാത്രക്കാർ

29,778

കഴിഞ്ഞ വർഷം

വന്നുപോയ

സർവീസുകൾ


Source link

Exit mobile version