ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാർത്ഥിന്റെ മരണത്തിൽ അധികൃതരെ കുറ്റപ്പെടുത്തി റിപ്പോർട്ട്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എം കെ നാരായണൻ, മുൻ അസിസ്റ്റന്റ് വാർഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈസ് ചാൻസലർക്ക് (വിസി) കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് കൈമാറിയത്.

സംഭവത്തിൽ എംകെ നാരായണൻ കൃത്യമായി ഇടപെട്ടില്ല. കാന്തനാഥൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ല.
വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ വിമർശനം. ഇരുവരും നിലവിൽ സസ്പെഷനിലാണ്. സമാന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും അറിയാത്തത് അസിസ്റ്റന്റ് വാർഡന്റെ ജാഗ്രത കുറവാണെന്നും കണ്ടെത്തലുണ്ട്. വെറ്ററിനറി സർവകലാശാല വിസി നിയമിച്ചത് മൂന്നംഗ കമ്മീഷനെയാണ്. മാർച്ച് ആറിനാണ് കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു വിസിയുടെ നിർദ്ദേശം.

കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 16ന് രാത്രി കോളേജ് ഹോസ്റ്റലിന്റെ നടുത്തളത്തിൽ എസ് എഫ് ഐ പ്രവർത്തകർ സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചിരുന്നു. വയറ്റിൽ ചവിട്ടുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തു. രണ്ട് ബെൽറ്റ് പൊട്ടും വരെ അടിച്ചു. മർദ്ദനശേഷം മുറിയിൽ പൂട്ടിയിട്ട് നിരീക്ഷിച്ചു. വിവരം പുറത്ത് പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകി. അടുത്ത ദിവസവും മർദ്ദനം തുടർന്നിരുന്നു. കൂട്ടുകാർക്ക് മുന്നിലിട്ടുള്ള മർദ്ദനത്തോടെ സിദ്ധാർത്ഥ് മാനസികമായി തകർന്നുവെന്നാണ് വിവരം. 18ന് രാവിലെ കുളിക്കാനെന്ന് പറഞ്ഞാണ് കുളിമുറിയിൽ കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.


Source link

Exit mobile version