‘രോഗിയുമായി വന്ന വാഹനം തടഞ്ഞു, സിനിമാക്കാർ തട്ടിക്കയറി’ | Panikili Movie
‘രോഗിയുമായി വന്ന വാഹനം തടഞ്ഞു, സിനിമാക്കാർ തട്ടിക്കയറി’
മനോരമ ലേഖകൻ
Published: June 29 , 2024 09:28 AM IST
1 minute Read
അങ്കമാലി താലൂക്ക് ആശുപത്രി, പ്രതീകാത്മക ചിത്രം
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ പരാതിയുമായി നാട്ടുകാരും. ആശുപത്രിയിലേക്ക് കയറാൻപോലും പറ്റാത്ത സാഹചര്യം വന്നതോടെയാണ് ഷൂട്ടിങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് നാട്ടുകാരനായ സിബീഷ് മനോരമ ന്യൂസിനോടു പറഞ്ഞു.
രോഗിയുമായി വന്ന തന്‍റെ വാഹനം തടഞ്ഞു. സിനിമ പ്രവർത്തകർ തട്ടിക്കയറി. തന്‍റെ ഓട്ടോയിൽ ഉണ്ടായിരുന്ന രോഗിയും പ്രയാസം പറഞ്ഞു. ഇതെല്ലാമായപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും സിബീഷ് പറഞ്ഞു.
അതിനിടെ സിനിമാ ചിത്രീകരണത്തിൽ എറണാകുളം ജില്ലാമെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡിറക്ടർക്ക് റിപ്പോർട്ട് നൽകി. കേസിൽ മനുഷ്യാവകാശ കമ്മീഷനും, ആരോഗ്യ മന്ത്രിയും ഇടപെട്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി മുതൽ പുലർച്ചെ വരെ താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സിനിമാ പ്രവർത്തകർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചിത്രീകരണം നടത്തിയത് രോഗികളേയും, ഡോക്ടർമാരേയും ഒരു പോലെ പ്രയാസത്തിലാക്കിയിരുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് രോഗികൾക്കുൾപ്പടെ ബുദ്ധിമുട്ടുണ്ടാക്കിയത്.
അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ അൻപതോളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണു വിവരം. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാൻ പോലുമായില്ല.
പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്തു നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദേശിക്കുന്നുണ്ടായിരുന്നു. 2 ദിവസമായിരുന്നു ചിത്രീകരണം. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.
English Summary:
Backlash over Malayalam film painkili shooting in Kerala hospital’s emergency ward
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1jvjgf4uubvke0s7n7cgu2a2e1
Source link