തിരുവനന്തപുരം: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 42 പ്രമുഖ ഹോട്ടലുകളിൽ ജി.എസ്.ടി റെയ്ഡ്. പലയിടത്തും റെയ്ഡ് രാത്രിയിലും തുടർന്നു. ഹോട്ടലുകളും അതുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഒരേസമയം നടത്തുന്ന റെയ്ഡിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായെന്നാണ് ജി.എസ്.ടി.അധികൃതർ നൽകുന്ന സൂചന.
തിരുവനന്തപുരത്തും,ഇടുക്കിയിലും എറണാകുളത്തും അഞ്ചുവീതവും കൊല്ലത്തും തൃശൂരും നാലുവീതവും പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് വീതവും ആലപ്പുഴ, കോട്ടയം,വയനാട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടു വീതവും ഹോട്ടലുകളിലാണ് റെയ്ഡ്. ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്‌മെന്റ്, വിഭാഗങ്ങളിലെ 250ലേറെ ഉദ്യോഗസ്ഥർ അടങ്ങിയ അമ്പതോളം ടീമുകളാണ് ഓപറേഷൻ ഫാനം എന്ന പേരിൽ റെയ്ഡ് നടത്തിയത്.
പല റസ്റ്റോറന്റുകളിലും ബില്ല് കൊടുക്കാതിരിക്കുക, കസ്റ്റമറുടെ കൈയിൽ നിന്ന് പണം വാങ്ങിയ ശേഷം ബില്ല് തിരികെ വാങ്ങുക, സോഫ്റ്റ് വെയറിൽ കൃത്രിമം കാട്ടി ചെലവ് കുറച്ച്കാണിക്കുക, ദിവസവും പുതിയ ബിൽസീരീസ് പുറത്തിറക്കുക, ഒരേ നമ്പറിൽ പലർക്കും ബിൽ കൊടുക്കുക, ഹോട്ടൽ ജീവനക്കാരുടേയും മറ്റും പേരിൽ ജി.പേയിലൂടേയും യു.പി.ഐയിലൂടെയും പണം വാങ്ങുക തുടങ്ങി നിരവധി മാർഗങ്ങളാണ് നികുതി വെട്ടിപ്പിനുപയോഗിച്ചിരുന്നത്.
കഴിഞ്ഞ അഞ്ച് വർഷം വെട്ടിച്ച തുകയും അത്ര തന്നെ തുക പിഴയും പലിശയും ഇവരിൽ നിന്ന് ഈടാക്കുമെന്ന് ജി.എസ്.ടി.അധികൃതർ അറിയിച്ചു.
Source link