പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി

ജോസ് കുമ്പിളുവേലില്‍ ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി പരിഷ്കരിച്ച് നടപ്പില്‍ വരുത്തി. ഇതില്‍ ഇരട്ട പൗരത്വവും ഒരു ഓപ്ഷനായി മാറും. ജനുവരി 19ന് ഫെഡറല്‍ പാര്‍ലമെന്റ് നിയമനിര്‍മാണം അംഗീകരിച്ചിരുന്നു. ഇരട്ട പൗരത്വം എളുപ്പമാക്കാനും യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് സ്വാഭാവികമാക്കാനും ജര്‍മനി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇരട്ടപൗരത്വം ഇന്ത്യ അംഗീകരിക്കാത്തതിനാൽ ഇന്ത്യക്കാര്‍ക്ക് ഇത് ബാധകമാവില്ല. നിയമപരമായി ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് നിലവിലെ എട്ട് വര്‍ഷത്തിനു പകരം അഞ്ച് വര്‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കും. ഇവര്‍ പ്രത്യേക നേട്ടങ്ങള്‍ പട്ടികയില്‍ കൊണ്ടുവരുകയാണെങ്കില്‍, ഇത് മൂന്ന് വര്‍ഷമായി ചുരുക്കാൻ കഴിയും. മാതാപിതാക്കളിൽ ഒരാളെങ്കിലും അഞ്ചോ അതിലധികമോ വര്‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ ജര്‍മന്‍ പൗരത്വം ലഭിക്കും. 67 വയസിനു മുകളിലുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മന്‍ ഭാഷാ എഴുത്തു പരീക്ഷയ്ക്കു പകരം വാചാ പരീക്ഷ നടത്തിയാല്‍ മതി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായ ഫണ്ടില്‍ ജീവിക്കുന്നവര്‍ക്ക് ജര്‍മന്‍ പൗരത്വത്തിന് അര്‍ഹതയില്ല. സ്വതന്ത്ര ജനാധിപത്യ അടിസ്ഥാന ക്രമത്തോടുള്ള പ്രതിബദ്ധതയുമായി പൊരുത്തപ്പെടാത്തവർക്കും യഹൂദവിരുദ്ധ, വംശീയ, വിദ്വേഷം അല്ലെങ്കില്‍ മറ്റ് അപകീര്‍ത്തികരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകള്‍ക്കും ജര്‍മന്‍ പൗരത്വം നിഷേധിക്കപ്പെടും.
Source link