മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനു സമ്മാനിച്ച ആഡംബര കാറിന്റെ നിർമാണത്തിനു ദക്ഷിണകൊറിയൻ വസ്തുക്കളും ഉപയോഗിച്ചിരിക്കാം. കാർ നിർമിച്ച റഷ്യയിലെ ഓറസ് കന്പനി ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കസ്റ്റംസ് റിക്കാർഡുകൾ പരിശോധിച്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ മുഖ്യശത്രുവായിട്ടാണു ദക്ഷിണകൊറിയയെ കിം കാണുന്നത്. ഒരാഴ്ച മുന്പ് ഉത്തരകൊറിയ സന്ദർശിച്ച പുടിൻ, ഓറസിന്റെ ലിമോസിൻ ആണു കിമ്മിനു സമ്മാനിച്ചത്. പ്യോഗ്യാംഗിലൂടെ പുടിൻ ഓടിക്കുന്ന കാറിൽ കിം ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 2018നും 2023നും ഇടയ്ക്ക് ദക്ഷിണകൊറിയയിൽനിന്നു കാറിന്റെ ബോഡി പാർട്സ്, സെൻസർ, സ്വിച്ച്, വെൽഡിംഗ് ഉപകരണം തുടങ്ങിയവ ഓറസ് കന്പനി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യ, ചൈന, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിൽനിന്നും ഇറക്കുമതി നടത്തിയിട്ടുണ്ട്.
Source link