പ്രൗഢ നിർദ്ദേശങ്ങളുമായി കൗമുദി ടി.വി കോൺക്ളേവ്

തിരുവനന്തപുരം: അടുത്ത രണ്ടുവർഷം സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്ന വികസന പദ്ധതികൾ വിശകലനം ചെയ്യാൻ കൗമുദി ടിവി സംഘടിപ്പിച്ച ടുവേർഡ്സ് ടുമാറോ കോൺക്ളേവ് പ്രൗഢവും വികസനോന്മുഖവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച്
ശ്രദ്ധേയമായി. വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ഇന്നലെ ഹോട്ടൽ ഒ ബൈ താമരയിൽ നടന്ന കോൺക്ളേവിന് മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, ജി.ആർ. അനിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
അതത് വകുപ്പിലെ വികസനപരിപാടികൾ മന്ത്രിമാർ വിശദീകരിച്ചു. കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് മുൻ മേധാവി ഡോ. അച്യുത് ശങ്കർ എസ്. നായർ, ഡോ. ബിജു രമേശ് എന്നിവർ സംസാരിച്ചു. കേരളകൗമുദി തയാറാക്കിയ ലഹരിക്കെതിരെ ജാഗ്രത എന്ന പുസ്തകം എസ്.യു.ടി ഹോസ്പിറ്റൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണാളിക്ക് നൽകി മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ.ബിജു രമേശ്, ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ.ജയകുമാർ, ദേവ് സ്നാക്സിന് വേണ്ടി പ്രോജക്ട് കോ-ഓഡിനേഷൻ മാനേജർ മണികണ്ഠൻ, ലീഗൽ മാനേജർ സുരേഷ്, എസ്.കെ ഹോസ്പിറ്റലിനുവേണ്ടി നിതിൻ (മാർക്കറ്റിംഗ് മാനേജർ), സോനു (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അനു രവീന്ദ്രൻ (ഡയറക്ടർ, ഫ്ലയർ വേ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്) ഔഷധിക്ക് വേണ്ടി ബിന്ദു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡേറ്ററായി. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, കൗമുദി ടിവി ജനറൽ മാനേജർ സുധീർ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി സ്വാഗതവും ന്യൂസ് ഹെഡ് കൗമുദി ടിവി ആൻഡ് ഡിജിറ്റൽ ലിയോ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
കൗമുദി ശബ്ദമില്ലാത്തവരുടെ
ശബ്ദം : മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: വിവാദങ്ങളുടെ കാലത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ജി.ആർ.അനിൽ. സംസ്ഥാന സർക്കാരിന്റെ അടുത്ത രണ്ടുവർഷത്തെ വികസന പദ്ധതികൾ വിശകലനം ചെയ്യാൻ കൗമുദി ടി.വി സംഘടിപ്പിച്ച ’ടുവേർഡ്സ് ടുമോറോ’ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവതലസ്പർശിയായ വികസനം അടയാളപ്പെടുത്തിയ സർക്കാരാണിത്. വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കി. മുൻപ് അതിദരിദ്ര കുടുംബങ്ങളിൽ പലർക്കും റേഷൻ കാർഡ് ഇല്ലായിരുന്നു. ഇപ്പോൾ ഒരു രൂപ പോലും ചെലവില്ലാതെ ഓൺലൈനിൽ കാർഡിന് അപേക്ഷിക്കാം. 134 ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ഒരുക്കി. 45 ലക്ഷം കുടുംബങ്ങൾ പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നു. ഒരു ജീവനക്കാരനെപ്പോലും പിരിച്ചു വിട്ടില്ല. സപ്ലൈകോ വിപുലീകരിക്കും. പോഷകഗുണമുള്ള ആഹാരം പൊതുവിതരണ ശൃംഖലയിലൂടെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാറുന്ന യുവതയുടെ അഭിലാഷങ്ങൾ സമൂഹം മനസിലാക്കണമെന്ന് കേരള സർവകലാശാല ബയോ ഇൻഫർമേറ്റിക്സ് വകുപ്പ് മുൻ മേധാവി ഡോ.അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു. വിദേശകുടിയേറ്റം വർദ്ധിക്കുന്നതായി പരാതിപ്പെടാതെ അതിന്റെ കാരണങ്ങൾ കണ്ടെത്തണം. വിദേശസ്വകാര്യ സർവകലാശാലകൾ പോലുള്ള പുത്തൻ ആശയങ്ങൾ ഇന്നും പടിവാതിൽക്കൽ നിൽക്കുകയാണ്. വിദേശവിദ്യാർത്ഥികളെ ഇങ്ങോട്ട് സ്വാഗതം ചെയ്യണം. സർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണം പ്രശംസനീയമാണ്. എന്നാൽ എല്ലാവർക്കും എ പ്ലസ് എന്ന നയത്തിന് പകരം കഴിവും നിലവാരവും അളക്കുന്ന പരീക്ഷകൾക്ക് രൂപം നൽകണം. സ്കൂൾ തലം മുതൽ വിദ്യാർത്ഥികളുടെ അഭിരുചികൾ രക്ഷിതാക്കളും അദ്ധ്യാപകരും മനസിലാക്കണമെന്ന് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ.ബിജു രമേശ് പറഞ്ഞു. എങ്കിലേ അവർക്ക് ദിശാബോധം നൽകാനാവൂ. വിദേശത്ത് ഉൾപ്പെടെ ശരിയായ കോഴ്സ് തിരഞ്ഞെടുക്കാനാവാതെ വിദ്യാർത്ഥികൾ പതറുന്നു. തദ്ദേശരംഗത്തെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലധികവും ഉദ്യോഗസ്ഥർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്കിനെ വാളാക്കിയ
പത്രാധിപർ: മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം : വാക്കിനെ വാളാക്കി മാറ്റിയ പത്രാധിപർ കെ. സുകുമാരന്റെ പാതയിലാണ് കേരളകൗമുദി സഞ്ചരിക്കുന്നതെന്ന് മന്ത്രി ഡോ.ആർ.ബിന്ദു കൗമുദി ടി. വി കോൺക്ലേവിൽ പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ കേരളകൗമുദി വേദി കണ്ടെത്തിയത് അഭിനന്ദനാർഹമാണ്. വൈജ്ഞാനിക മൂലധനത്തെ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കേരളകൗമുദി വികസന
വേദി - മന്ത്രി വി.ശിവൻകുട്ടി
കേരളത്തിന്റെ വികസനം മുൻനിറുത്തിയുള്ള ചർച്ചകൾക്ക് കേരളകൗമുദി എന്നും വേദിയായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കൗമുദിയുടെ ഈ വേദിയും ഭാവിയിൽ ഓർമ്മിക്കപ്പെടും. കേരളകൗമുദി ഉന്നയിക്കുന്ന ക്രിയാത്മക വിമർശനങ്ങൾ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്.
വിദ്യാർത്ഥികളുടെ സർവതോമുഖമായ വികസനം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് കേരളത്തിൽ നടക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടിയാണ് നടപ്പ് സാമ്പത്തികവർഷം വകയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പഞ്ചായത്തിലും കെ സ്മാർട്ട്:
മന്ത്രി എം.ബി. രാജേഷ്
തദ്ദേശസ്ഥാപനങ്ങൾ ആളുകൾ കയറിയിറങ്ങേണ്ട ഇടമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. എല്ലാ പഞ്ചായത്തിലും കെ - സ്മാർട്ട് നടപ്പാക്കും. ഇത് എല്ലാവർക്കും പ്രാപ്യമാക്കാൻ ഇ - സാക്ഷരതയും നടപ്പാക്കും. കെ-സ്മാർട്ട് അപ്രാപ്യമായവർക്ക് ഹെൽപ് ഡെസ്ക് വേണമെന്ന കേരളകൗമുദി നിർദ്ദേശത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. ആളുകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തണമെന്ന മനോഭാവമുള്ള ഉദ്യോഗസ്ഥരുണ്ട്. ഈ മനോഭാവത്തെ പ്രതിരോധിക്കും. സമ്പൂർണ ഭരണഘടനാ സാക്ഷരതയും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Source link