ട്രംപിനു മുന്നിൽ പതറി ബൈഡൻ
വാഷിംഗ്ടൺ ഡിസി: നവംബറിലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതിനു മുന്നോടിയായുള്ള ആദ്യ സംവാദത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ പ്രസിഡന്റ് ജോ ബൈഡൻ പതറി. സന്പദ്വ്യവസ്ഥ, കുടിയേറ്റം, കാപ്പിറ്റോൾ കലാപം തുടങ്ങി ചർച്ച ചെയ്ത വിഷയങ്ങളിലെല്ലാം ട്രംപിന്റെ ആക്രമണത്തിനു മുന്നിൽ ബൈഡനു പിടിച്ചുനിൽക്കാനായില്ല. സംവാദത്തിനിടെ കാട്ടിയ ആശയക്കുഴപ്പവും തപ്പലും ബൈഡന്റെ പ്രായാധിക്യത്തെക്കുറിച്ച് വോട്ടർമാർക്കുള്ള ആശങ്ക ബലപ്പെടുത്തുമെന്നാണു നിരീക്ഷണം. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്താതിരിക്കാൻ ഡെമോക്രാറ്റുകൾ എൺപത്തൊന്നുകാരനായ ബൈഡനു പകരം സ്ഥാനാർഥിയെ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നു. സംവാദത്തിന്റെ തുടക്കത്തിൽ ട്രംപിനെതിരേ ആരോപണശരങ്ങൾ തൊടുക്കാൻ ബൈഡനു കഴിഞ്ഞു. ട്രംപിനെതിരായ കേസുകളും സൈനികർക്കെതിരായ പ്രസ്താവനകളും ബൈഡൻ എടുത്തിട്ടു. എന്നാൽ, പിന്നീട് പലപ്പോഴും ബൈഡനു വാക്കുകൾ കിട്ടാത്ത അവസ്ഥയായി. അവസരം മുതലാക്കിയ ട്രംപ്, ബൈഡന്റെ ബലഹീനകളിലേക്കും കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കും സംവാദത്തെ വഴിതിരിച്ചുവിട്ടു. സിഎൻഎൻ ചാനലിന്റെ അറ്റ്ലാന്റയിലെ സ്റ്റുഡിയോയിലായിരുന്നു ഒന്നര മണിക്കൂർ നീണ്ട സംവാദം. ആഴ്ചകൾ നീണ്ട പരിശീലനത്തിനൊടുവിലാണു ബൈഡൻ സംവാദത്തിനെത്തിയത്. അതേസമയം, മുൻ നിശ്ചയിച്ച തെരഞ്ഞെടുപ്പു റാലികൾ നടത്തുന്നതിനിടെയാണു ട്രംപ് വന്നത്. സംവാദം അവസാനിച്ചതിനു പിന്നാലെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ വിജയം പ്രഖ്യാപിച്ചു. അതേസമയം, ഡെമോക്രാറ്റിക് ക്യാന്പിലെ പലരും ബൈഡന്റെ കഴിവിൽ ആശങ്ക പ്രകടിപ്പിക്കുകയാണുണ്ടായത്.
Source link