KERALAMLATEST NEWS

മരം വീണ് ഒരു മരണം , മഴ ഇന്ന് മുതൽ കുറയും

തിരുവനന്തപുരം: ന്യൂനമർദ്ദ പാത്തിയെ തുടർന്നുള്ള ശക്തമായ മഴയിൽ ഇന്നലെയും സംസ്ഥാനത്ത് വ്യാപകനാശനഷ്ടം. തിരുവനന്തപുരത്ത് കാറ്റിൽ മരം വീണ് പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിക്കപ്പ് ഡ്രൈവർ മരിച്ചു. നഗരൂർ തേക്കിൻകാട് സഹിനാസ് വില്ലയിൽ സഫിയുദ്ദീനാണ് (63) മരിച്ചത്.

കടലാക്രമണവും രൂക്ഷമാണ്. അതേസമയം ഇന്നുമുതൽ മഴയുടെ ശക്തികുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ ഓറഞ്ച്,റെഡ് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 108 വീടുകൾ ഭാഗികമായും അഞ്ചുവീടുകൾ പൂർണമായും തകർന്നു. കാസർകോട് പെരിയ കൂവരായിൽ ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. മലപ്പുറം ചെമ്പ്രശ്ശേരിയിൽ വീട് പൂർണമായും തകർന്നു. നെല്ലേങ്ങര സുരേഷും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇടുക്കിയിൽ മലയോര മേഖലയിൽ ഉൾപ്പെടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം തുടരുകയാണ്. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 30 സെ.മീ കൂടി ഉയർത്തി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പർ കുട്ടനാട്ടിൽ പലയിടങ്ങളും വെള്ളത്തിലായി. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 163 കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്

ഇന്ന് ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,​ ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കൊല്ലം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Source link

Related Articles

Back to top button